കീവ്: റഷ്യയ്ക്കെതിരെ പ്രതിരോധത്തിനായി യുക്രെയ്‌ന് തങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിക്കാമെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യക്കുള്ളിൽ യുക്രെയ്ൻ നടത്തുന്ന പ്രവർത്തനങ്ങളെ ബ്രിട്ടൻ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റഷ്യയുടെ ഭാഗമായ കർസ്ക് മേഖലയ്ക്കുള്ളിൽ യുക്രെയ്ൻ സൈനികർ പ്രവർത്തിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, റഷ്യൻ വ്യോമമേഖലയിൽ യുക്രെയ്ൻ വലിയ ഡ്രോൺ ആക്രമണം നടത്തിയതായാണു റിപ്പോർട്ട്. കൃത്യവും സമയോചിതവും ഫലപ്രദവുമായ ആക്രമണമെന്നാണ് ഇതിനെ സെലൻസ്കി വിശേഷിപ്പിച്ചത്. ‘‘യുക്രെയ്ൻ ഡ്രോണുകൾ എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതുപോലെത്തന്നെയാണു പ്രവർത്തിച്ചത്. എന്നാൽ ഡ്രോണുകൾ കൊണ്ടുമാത്രം ചെയ്യാനാകാത്ത കാര്യങ്ങൾ അവിടെയുണ്ട്’’– സെലെൻസ്കി പറഞ്ഞു. യുക്രെയ്നെ ലക്ഷ്യം വച്ച റഷ്യയുടെ 29 ഡ്രോണുകൾ തകർത്തതായി യുക്രെയ്ൻ വ്യോമസേനയും എയർക്രാഫ്റ്റ് മാതൃകയിലുള്ള 117 ഡ്രോണുകളും 4 മിസൈലുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.