ഒബ്ബർഗൻ: 100 ഓളം രാജ്യങ്ങളുടെ നേതൃത്വത്തിൽ നടത്തിയ യുക്രെയ്ൻ സമാധാന ഉച്ചകോടി പ്രമേയത്തിൽ ഒപ്പിടാതെ ഇന്ത്യ. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിലാണ് രണ്ട് ദിവസത്തെ സമ്മേളനം നടന്നത്. യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുകയാണ് മേഖലയിൽ നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമെന്ന പ്രമേയം 80 രാജ്യങ്ങൾ അംഗീകരിച്ചു.
യുക്രെയ്ൻ സമാധാന ഉച്ചകോടി സമ്മേളനത്തിലേക്ക് റഷ്യയെ ക്ഷണിച്ചിരുന്നില്ല. പങ്കെടുത്തതിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണ്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തോനേഷ്യ, മെക്‌സികോ, യു.എ.ഇ എന്നീ രാജ്യങ്ങളും പ്രമേയത്തിൽ ഒപ്പിട്ടില്ല. ആണവ സുരക്ഷ, ഭക്ഷ്യ സുരക്ഷ, തടവുകാരുടെ കൈമാറ്റം എന്നിവയിലൂന്നിയായിരുന്നു പ്രമേയം.