''ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്, ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ​ആ​ഗ്രഹം'': ആരാണ് കെയ്ർ സ്റ്റാർമർ?

രാജ്യത്തിൻെറ ഭാവി സംബന്ധിച്ച് സുപ്രധാന വഴിത്തിരിവ് സംഭവിക്കാൻ പോവുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.എക്സിറ്റ് പോളുകൾ പ്രകാരം 650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 

author-image
Greeshma Rakesh
New Update
uk election

Britain's opposition Labour Party leader Keir Starmer walks with his wife Victoria

Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടൻ: ബ്രിട്ടണിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്കും പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്കും നിർണായകമായ പൊതു തിരഞ്ഞെടുപ്പാണ് വ്യാഴാഴ്ച നടക്കാൻ പോകുന്നത്.രാജ്യത്തിൻെറ ഭാവി സംബന്ധിച്ച് സുപ്രധാന വഴിത്തിരിവ് സംഭവിക്കാൻ പോവുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.എക്സിറ്റ് പോളുകൾ പ്രകാരം 650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 

14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ലേബർ പാർട്ടി ഇതിനോടകം നേടിക്കഴിഞ്ഞു. 410 സീറ്റുകൾ വരെ ഇവർക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.

ആരാണ് ലേബർ പാർട്ടി നേതാവ്  കെയ്ർ സ്റ്റാർമർ?

രാജ്യത്തെ നിയമത്തിനും, ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്‌ക്കും നൽകിയ സേവനങ്ങൾ പരിഗണിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി പ്രത്യേക പദവി നൽകി ആദരിച്ച വ്യക്തിയാണ് 61കാരനായ കെയ്ർ സ്റ്റാർമർ. അഭിഭാഷകനായ കെയ്ർ ആദ്യമായി 2015ലാണ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.2019ൽ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് ശേഷം പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് മുന്നോട്ട് കൊണ്ടുവന്നത് കെയ്‌റിന്റെ കഠിന പരിശ്രമത്തിലൂടെയാണ്.

കശ്മീർ വിഷയത്തിൽ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച പാർട്ടി മുൻ നേതാവ് ജെറമി കോർബിന്റെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കെയ്ർ സ്റ്റാർമറിന്റേത്.പ്രവാസി ഇന്ത്യക്കാരുമായി പാർട്ടിയുടെ ബന്ധം മെച്ചപ്പെടുത്തിയത് കെയ്‌റിന്റെ നേതൃത്വത്തിലാണ്. കഴിഞ്ഞ വർഷം നടത്തിയ പ്രസംഗത്തിലും ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം കെയ്ർ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആഗോള സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കെയ്ർ പറഞ്ഞിരുന്നു.

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുമെന്നും, സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ സഹകരണം തേടുന്നത് ഉറപ്പാക്കുമെന്നും കെയ്‌റിന്റെ ഈ വർഷത്തെ തെരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു. ഈ വർഷം ആദ്യം ലണ്ടനിലെ കിംഗ്‌സ്ബറിയിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്നാണ് ഹിന്ദു സമൂഹത്തിന് അന്ന് അദ്ദേഹം വാക്ക് നൽകിയത്.

ഓക്‌സറ്റഡിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. ടൂൾമേക്കർ ആയിരുന്നു പിതാവ്. അമ്മ ജോസഫൈൻ നഴ്‌സും. 2015ൽ ആദ്യമായി എംപി സ്ഥാനത്തെത്തി ഏതാനും ആഴ്ചകൾക്കുള്ളിലാണ് അമ്മ ജോസഫൈന്റെ മരണം. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നാണ് കെയ്ർ നിയമപഠനം നടത്തിയത്. പിന്നീട് ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായി. നാഷണൽ ഹെൽത്ത് സർവീസ് ജീവനക്കാരിയായ വിക്ടോറിയ ആണ് കെയ്‌റിന്റെ ഭാര്യ.

ഇക്കഴിഞ്ഞ മെയിലാണ് പ്രധാനമന്ത്രി ഋഷി സുനക് രാജ്യത്ത് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2024 ഡിസംബർ വരെ തിരഞ്ഞെടുപ്പിന് സമയമുണ്ടായിരുന്നു. എന്നാൽ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നടത്താൻ സുനക് തീരുമാനിക്കുകയായിരുന്നു.

 

Keir Starmer uk election 2024