ദുബായ്: ബലാത്സംഗത്തിന് ഇരകളാകുന്നവർക്ക് ഗർഭച്ഛിദ്രത്തിന് വിധേയരാകാൻ അനുമതി നൽകുമെന്ന ചരിത്ര തീരുമാനവുമായി യുഎഇ. രാജ്യത്ത് സ്ഥിരതാമസം ആരംഭിച്ച് ഒരു വർഷമെങ്കിലും കഴിഞ്ഞവർക്കാണ് നിയമം ബാധകമാവുക.സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ സുപ്രധാന നിയമ നിർമാണം.
ബലാത്കാരമായോ, ഇഷ്ടമില്ലാതെയോ, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം ഏറ്റുവാങ്ങി ഒരു സ്ത്രീ ഗർഭം ധരിച്ചാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതാണ് യുഎഇയുടെ പുതിയ നിയമ ഭേദഗതി.ഗർഭച്ഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തിൽ താഴെ വളർച്ച മാത്രമായിരിക്കണമെന്നും നിയമം പറയുന്നു. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാതെയുമായിരിക്കണം ഗർഭച്ഛിദ്രം.കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിച്ചവർക്ക് മാത്രമേ നിയമം ബാധകമാവുകയുള്ളൂ.
ബലാത്സംഗത്തിനോ ഇത്തരമൊരു ബന്ധത്തിനോ ഇടയായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇത് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകും. തുടർന്നാണ് ഗർഭച്ഛിദ്രത്തിന് അനുമതി ലഭിക്കുക. അമ്മയുടെ ആരോഗ്യത്തിനോ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനോ ഭീഷണിയാകുമെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ യുഎഇയിലെ നിയമം നിലവിൽ അനുമതി നൽകുന്നുണ്ട്. ഭർത്താവിന്റെ സമ്മതമില്ലാതെ അടിയന്തര ഗർഭച്ഛിദ്രം നടത്താൻ കഴിയുന്ന വിധത്തിൽ കഴിഞ്ഞ വർഷാവസാനം നിയമഭേദഗതി വരുത്തിയിരുന്നു. യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്ന മുറയ്‌ക്ക് മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരും.