യു.എ.ഇയില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പിന് തുടക്കം

പൊതുമാപ്പ് അപേക്ഷയുമായെത്തിയ ആളുകള്‍ക്ക് കരുണാര്‍ദ്ര സമീപനമാണ് അവരില്‍ നിന്ന് ലഭിച്ചത്. ധാരാളം പേരുടെ പിഴ ഒഴിവാക്കിക്കൊടുത്തു. ചില കേന്ദ്രങ്ങളില്‍ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ സഹായത്തിനുണ്ടായിരുന്നു

author-image
Prana
New Update
uae
Listen to this article
0.75x 1x 1.5x
00:00 / 00:00

യുഎഇയില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് തുടങ്ങി. ഞായര്‍ അവധി ആയിരുന്നിട്ടും മിക്ക താമസ കുടിയേറ്റ ഓഫീസുകളും സജീവമായിരുന്നു. മുതിര്‍ന്ന ഉദ്യോ
ഗസ്ഥര്‍ കര്‍മനിരതരായി. പൊതുമാപ്പ് അപേക്ഷയുമായെത്തിയ ആളുകള്‍ക്ക് കരുണാര്‍ദ്ര സമീപനമാണ് അവരില്‍ നിന്ന് ലഭിച്ചത്. ധാരാളം പേരുടെ പിഴ ഒഴിവാക്കിക്കൊടുത്തു. ചില കേന്ദ്രങ്ങളില്‍ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ സഹായത്തിനുണ്ടായിരുന്നു.
അല്‍ അവീറില്‍ പൊതുമാപ്പ് ആരംഭിച്ചതായി ജി ഡി ആര്‍ എഫ് എ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു. രണ്ട് പ്രത്യേക കൂടാരങ്ങള്‍ പണിതിട്ടുണ്ട്. ഒന്ന് പുരുഷന്മാര്‍ക്കും മറ്റൊന്ന് സ്ത്രീകള്‍ക്കുമാണ്. വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കാനും അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിയും. അവര്‍ക്ക് ഒന്നുകില്‍ എക്‌സിറ്റ് പെര്‍മിറ്റ് നേടി രാജ്യം വിടുകയോ അല്ലെങ്കില്‍ അവരുടെ പദവി പരിഹരിച്ച് എമിറേറ്റ്‌സില്‍ താമസം തുടരുകയോ ചെയ്യാം.
ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണിലെ (ഡാഫ്‌സ) ആമിര്‍ സെന്ററിലേക്ക് ധാരാളം ആളുകള്‍ എത്തി. 'ഞങ്ങള്‍ വളരെക്കാലമായി അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും തിരക്കേറിയ ദിവസമാണിത്' ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. വിസ കാലാവധി കഴിഞ്ഞവരില്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു ജോലി നല്‍കാന്‍ തയാറായി ചില സ്ഥാപനങ്ങള്‍ രംഗത്തുവന്നു. ഒരു കരാര്‍ കമ്പനി ഉടമകളായ സാബു എഡ്വേര്‍ഡ്, ആല്‍ബിന്‍ ആല്‍ഫ്രഡ്, അഗസ്റ്റിന്‍ മൈക്കല്‍ എന്നിവര്‍ ഡാഫ്‌സ ആമിര്‍ സെന്ററില്‍ സഹായ വാഗ്ദാനവുമായി എത്തി.
'നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങള്‍ നിരവധി അമര്‍ സെന്ററുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.' സാബു പറഞ്ഞു. 'ഞങ്ങള്‍ സി വി സ്വീകരിക്കും' ഈ പൊതുമാപ്പ് കാലയളവില്‍, രാജ്യത്ത് പദവി ക്രമപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഔദ്യോഗിക ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ മതി. യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍ പ്രതിനിധികളും സഹായഹസ്തവുമായി എത്തി. 'പലരും, നടപടിക്രമങ്ങള്‍ അറിയുന്നതിനു ബന്ധപ്പെടാറുണ്ട്' അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തിറങ്ങി. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ സി) ആവശ്യമുണ്ടെങ്കില്‍ വേണ്ടത് ചെയ്യുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് ഒരു ഹ്രസ്വസാധുത പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും ആവാം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായിരിക്കും. ദുബൈ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലും ദുബൈ അവീര്‍ ഇമിഗ്രേഷന്‍ സെന്ററിലും 'ഫെസിലിറ്റേഷന്‍' കൗണ്ടറുകള്‍ ആരംഭിക്കും. സെപ്തംബര്‍ രണ്ട് മുതല്‍ എല്ലാ ദിവസവും രാവിലെ ആറിന് തുറക്കും. ഉച്ചക്ക് രണ്ട് മണിക്കും ആറ് മണിക്കും ഇടയില്‍ കോണ്‍സുലേറ്റ് ജനറലില്‍ നിന്ന് ഇ സികള്‍ ശേഖരിക്കാം. അപേക്ഷകര്‍ നോര്‍ത്തേണ്‍ എമിറേറ്റിലെ ഏതെങ്കിലും ബി എല്‍ എസ് സെന്ററുകളെ സമീപിച്ചാലും മതി.

ആദ്യ അര മണിക്കൂറില്‍ 100 പേര്‍

പൊതുമാപ്പ് ആരംഭിച്ച് ആദ്യ അരമണിക്കൂറിനുള്ളില്‍ 100 പേരുടെ നടപടിക്രമങ്ങള്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പൂര്‍ത്തിയാക്കി.
നിയമലംഘകര്‍ക്ക് അവരുടെ പദവി ഭേദഗതി ചെയ്യുന്നതിനോ രാജ്യം വിടുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ സജ്ജീകരണവും നടത്തിയിട്ടുണ്ട്.
തങ്ങളുടെ പദവി ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വകാര്യ മേഖലയിലെ 15 പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ ജോലി അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ദുബൈ റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ്ജനറല്‍ മുഹമ്മദ് അഹ്്മദ് അല്‍ മര്‍റി പറഞ്ഞു.

dubai uae abudabi