ന്യൂയോര്‍ക്ക്: ഇസ്രയേല്‍ ഹമാസ് യുദ്ധം കൂട്ടക്കുരുതി നടത്തി അവസാനിക്കാതെ മുന്നോട്ടുപോകുമ്പോഴും യുഎന്നിന്റെ നിലപാടുകള്‍ പല കോണുകളില്‍ നിന്നും ചോദ്യംചെയ്യപ്പെട്ടിരുന്നതാണ്. അന്താരാഷ്ട്ര നീതിന്യായ കോടതി പോലും വിഷയത്തില്‍ ഇടപെട്ടിട്ടും യുഎന്നിന്റെ നിലപാട് സംശയത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയുടെ ഇടപെടലിലാണ് യുഎന്‍ മൗനം തുരന്നതെന്നായിരുന്നു ആരോപണങ്ങളില്‍ പ്രധാനം.
ഇപ്പോഴിതാ നിലപാട് മാറ്റി യുഎന്‍ രംഗത്തുവന്നിരക്കുകയാണ്. ഗസയുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും കുറ്റങ്ങള്‍ ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ചെയ്ത കുറ്റങ്ങള്‍ മനുഷ്യകുലത്തിനെതിരായതും ക്രൂരവും ഭയാനകവുമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം, അതിന് ഇസ്രയേല്‍ കൊടുത്ത തിരിച്ചടി എന്നിവയെ അടിസ്ഥാനമാക്കിയുള്ള രണ്ട് റിപ്പോര്‍ട്ടുകളാണ് അന്വേഷണ കമ്മീഷന്‍ നല്‍കിയത്.
ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചിരിക്കുന്നത്. പീഡനം, കൊലപാതകം, മനുഷ്യന്റെ അന്തസ് തകര്‍ക്കല്‍, കുഞ്ഞുങ്ങളുടെ കൊലപാതകം, മനുഷ്യത്വരഹിതമായ ക്രൂരത തുടങ്ങി ഭീകരമായ കുറ്റങ്ങള്‍ ഇസ്രയേല്‍ ഗസയില്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇസ്രയേല്‍ പട്ടിണിയെ പോലും ആയുധമാക്കിയെന്നും, ഭക്ഷണം എത്തിക്കുന്നവരെ പോലും തടയുന്ന സമീപനം ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യന് അടിസ്ഥാനപരമായി നല്‍കേണ്ട വസ്തുവകകള്‍ നല്‍കുന്നതില്‍ നിന്ന് ഇസ്രയേല്‍ പരാജയപ്പെട്ടു. ഗസയിലെ മനുഷ്യരുടെ അടിസ്ഥാന ജീവിത സാഹചര്യം നശിപ്പിക്കപ്പെടുകയും, മനുഷ്യര്‍ കൂട്ടത്തോടെ മരിക്കുന്നതിലേക്ക് ഇതെത്തിച്ചു.
ഒരു ഘട്ടത്തിലും അന്വേഷണ ഏജന്‍സിയുമായി ഇസ്രയേല്‍ സഹകരിച്ചില്ലെന്നും, അന്വേഷണം തടയുന്ന നിലപാടായിരുന്നു അവര്‍ക്കെന്നും കമ്മീഷന്‍ പറയുന്നു. കമ്മീഷന്‍ ഇസ്രയേല്‍ വിരുദ്ധമാണ് എന്ന കാരണമാണ് ഇസ്രയേല്‍ പറഞ്ഞിരുന്നത്. അന്വേഷണ കമ്മീഷനെ തടഞ്ഞ അവര്‍ ഒരുഘട്ടത്തില്‍ പലസ്തീന്റെ വിവിധ പ്രദേശങ്ങളിലേക്ക് കമ്മീഷന്‍ കടക്കുന്നത് പോലും തടഞ്ഞിരുന്നു.
50 പേജുള്ള ഒക്ടോബര്‍ ആക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഹമാസ് നടത്തിയ പീഡനങ്ങളെ കുറിച്ചും ബലാത്സംഗങ്ങളെ കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ബലാത്സംഗം ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല.
128 പേജുള്ള ഗസ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന നശീകരണ ശേഷിയുള്ള ബോംബുകള്‍ ഇസ്രയേല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പലസ്തീനിലെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ യുദ്ധത്തിനിരയായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുക്കുമെന്നും വാര്‍ത്തകളുണ്ട്.