ഹനോയ്: വിയറ്റ്‌നാമില്‍ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും 59 മരണം. 'യാഗി' കൊടുങ്കാറ്റില്‍ അകപ്പെട്ട് ഒമ്പത് പേരും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 50 പേരും മരിച്ചതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാവോ വാങ് പ്രവിശ്യയില്‍ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചു പോയി. ഫുതോ പ്രവിശ്യയില്‍ നദിക്ക് കുറുകെയുള്ള ഉരുക്ക് പാലം തിങ്കളാഴ്ച രാവിലെ തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 10 കാറുകളും ട്രക്കുകളും രണ്ട് മോട്ടോര്‍ ബൈക്കുകളും നദിയില്‍ വീണതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. 13 പേരെ കാണാതായി.
ഹൈഫോങ് പ്രവിശ്യയിലെ നിരവധി ഫാക്ടറികള്‍ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. വ്യാവസായിക യൂണിറ്റുകളിലേക്ക് വെള്ളം കയറി, നിരവധി ഫാക്ടറികളുടെ മേല്‍ക്കൂര തകര്‍ന്നുവെന്നും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്നും ചില കമ്പനികള്‍ പറഞ്ഞു.
പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ഞായറാഴ്ച ഹൈഫോങ് നഗരം സന്ദര്‍ശിക്കുകയും തുറമുഖ നഗരം വീണ്ടെടുക്കാന്‍ സഹായിക്കുന്നതിന് 4.62 ദശലക്ഷം യു.എസ് ഡോളറിന്റെ പാക്കേജിന് അംഗീകാരം നല്‍കുകയും ചെയ്തു.
149 കിലോമീറ്റര്‍ (92 മൈല്‍) വരെ വേഗതയിലാണ് വിയറ്റ്‌നാമില്‍ കാറ്റ് വീശുന്നത്. ഞായറാഴ്ച ഇത് ദുര്‍ബലമായെങ്കിലും തുടരുന്ന മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.