പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് തുര്‍ക്കി. യുഎന്‍ ജനറല്‍ അസംബ്ലിയിലും ഇസ്രയേലിനും നെതന്യാഹുവിനും എതിരെ അതിശക്തമായ വിമര്‍ശനം ഈ നാറ്റോ രാജ്യം ഉയര്‍ത്തിയിട്ടുണ്ട്. കൊലയാളികള്‍ എന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍, നെതന്യാഹുവിനെയും കൂട്ടരെയും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നേരിടാന്‍ കരുത്തില്ലാതെ യുഎന്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും എര്‍ദോഗന്‍ ആരോപിച്ചിരുന്നു.
ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങളുടെ സഖ്യം വേണമെന്ന ആവശ്യം തുര്‍ക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ലബനന് സഹായവുമായി എത്തിയിരിക്കുകയാണ് തുര്‍ക്കി. തുര്‍ക്കി വിദേശകാര്യമന്ത്രി, ഒക്ടോബര്‍ ആറിന് ലബനന്‍ പ്രധാനമന്ത്രിയെ ടെലിഫോണില്‍ ബന്ധപ്പെട്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കരയാക്രമണത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാതെ വന്നതോടെ ഇസ്രയേല്‍ ലബനനില്‍ വ്യോമാക്രമണം തുടങ്ങിയിരുന്നു.
ബെയ്‌റൂത്തിലും മറ്റു മേഖലകളിലും ഇസ്രയേല്‍ കനത്ത ബോംബാക്രമണം തുടരുന്നതിനിടെയാണ് തുര്‍ക്കി സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. ഗസ-ഇസ്രയേല്‍ യുദ്ധത്തില്‍ തുര്‍ക്കി ഇസ്രയേലിനെതിരെ തുര്‍ക്കിക്കൊപ്പം ചേരുമോ എന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.
യുദ്ധത്തില്‍ ലബനനെ സഹായിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ലബനീസ് പ്രധാനമന്ത്രിയെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനുഷിക സഹായവും ലബനന് നല്‍കാന്‍ തുര്‍ക്കി തയ്യാറാണെന്ന് ലബനനെ അറിയിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ, ഇരു രാജ്യങ്ങളും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തുര്‍ക്കി സന്നദ്ധ സംഘടനകള്‍ ലബനന് മാനുഷിക സഹായം പ്രഖ്യാപിച്ച് മുന്നോട്ടുവന്നിരുന്നു. സെപ്റ്റംബറില്‍, ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ ലബനനിലേക്ക് തുര്‍ക്കി ഒരു മിലിട്ടറി കാര്‍ഗോ പ്ലെയിന്‍ അയച്ചിരുന്നു. കഴിഞ്ഞ ആഴ്ച 30 ടണ്‍ മെഡിക്കല്‍ സഹായം തുര്‍ക്കി ലബനന് നല്‍കിയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ, ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഒരു വര്‍ഷം തികയുന്നു.
ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിനെയും നോക്കുകുത്തിയാക്കിയാണ് ടെല്‍ അവീവില്‍ ഹമാസ് ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ലഡ് എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകളാണ്. ആക്രമണത്തില്‍ 1,200 ലേറെ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു കടത്തി.
തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി. ഹമാസ് ആക്രമണത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ പലസ്തീനില്‍ കൊല്ലപ്പെട്ടത് 42,870 പേരാണ്. 16,500 കുട്ടികളാണ് മരിച്ചത്. 97,166 പേര്‍ക്ക് പരിക്കേറ്റു.
വിവിധ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ മരിച്ചത് 1,139 പേര്‍. പരുക്കേറ്റത് 8,730 പേര്‍ക്കും. ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയാകെ വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്.