നിജ്ജാർ വധം; ഇന്ത്യയ്ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയൻ അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ തെളിവ് കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ആ ഘട്ടത്തിൽ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ്' ട്രൂഡോ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്

author-image
anumol ps
New Update
justin trudeau

ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറി​ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 'ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയൻ അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ തെളിവ് കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ആ ഘട്ടത്തിൽ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ്' ട്രൂഡോ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. ഫോറിൻ ഇന്റർഫിയറൻസ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറൽ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിൻ ഇന്റർഫിയറൻസ് കമ്മിഷൻ.

'ഇന്ത്യയോട് സഹകരിക്കാൻ കാനഡ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യ തെളിവാണ് ആവശ്യപ്പെട്ടത്. കൂടുതൽ അന്വേഷണത്തിന് സഹകരിക്കാനും ഇന്ത്യൻ സുരക്ഷാ ഏജൻസികളോട് ആവശ്യപ്പെട്ടു. കാരണം ആ സമയത്ത് കാനഡയുടെ പക്കൽ ഉണ്ടായിരുന്നത് പ്രാഥമിക വിവരങ്ങളായിരുന്നുവെന്നും ട്രൂഡോ പറഞ്ഞു.

കൂടുതൽ തെളിവുകൾ ആ ഘട്ടത്തിലുണ്ടായിരുന്നില്ല. ഇന്ത്യ തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ സാധിക്കാതിരുന്നത് ഇതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം സംസാരിച്ചിരുന്നതായും ട്രൂഡോ അറിയിച്ചു. കാനഡയിൽ നടന്ന നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്നും ഇതിനു തെളിവുകൾ തങ്ങളുടെ കൈയ്യിലുണ്ടെന്നുമാണ് ട്രൂഡോ നേരത്തെ പരസ്യമായി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം തന്നെ ഉലയുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

india canada justin trudeau nijjar murder case