ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായ അഹൂ ദാര്യോയുടെ ഹിജാബിനെതിരായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് സർവകലാശാലയ്ക്കുള്ളിൽവെച്ച് വസ്ത്രങ്ങൾ വലിച്ചുകീറിയതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
ഉൾവസ്ത്രങ്ങൾ മാത്രം ധരിച്ച് സർവകലാശലക്കുള്ളിലൂടെ നടക്കുകയായിരുന്നു അഹൂ ദാര്യോയ്. ഇത് നിരവധി പേർ മൊബൈൽ ക്യാമറയിൽ പകർത്തി. ഇതിന് പിന്നാലെ പോലീസ് വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തു. അവർക്ക് മാനസികവിഭ്രാന്തിയാണെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ അഹൂ ദാര്യോയ് നടത്തിയത് പ്രതിഷേധ സമരമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇറാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹൊസൈൻ സിമായ്. ആൾക്കൂട്ടത്തിന് നടുവിൽവെച്ച് വസ്ത്രമുരിഞ്ഞ് ഉൾവസ്ത്രം പ്രദർശിപ്പിച്ചത് ദുർവൃത്തിയും ആചാരവിരുദ്ധവുമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. അവൾ മാനദണ്ഡങ്ങൾ ലംഘിച്ചു. അവളുടെ പെരുമാറ്റം ശരീത്തിനെ അടിസ്ഥാനമാക്കിയുള്ളതല്ല. അത് ദുർവൃത്തിയും ആചാരവിരുദ്ധവുമായിരുന്നു.'-കാബിനറ്റ് മീറ്റിങ്ങിന്റെ ഭാഗമായ് മന്ത്രി വ്യക്തമാക്കി. അഹൂ ദാര്യോയെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഹൊസൈൻ സിമായ് വ്യക്തമാക്കി.
'ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുന:പ്രസിദ്ധീകരിച്ചവർ ലൈംഗികവൃത്തിയാണ് പ്രചരിപ്പിച്ചത്. അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. കാരണം അവ മതപരമായും ധാർമികമായും ന്യായീകരിക്കാനാവാത്തതാണ് ഹൊസൈൻ സിമായ് പറയുന്നു. ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് ഈ സംഭവമെന്നത് നേരത്തെ ഇറാൻ സർക്കാർ വക്താവ് ഫതീമീഹ് മൊഹെജറാനി തള്ളിക്കളഞ്ഞിരുന്നു. 'ഇതിന് ഹിബാജ് പ്രതിഷേധവുമായി ഒരു ബന്ധവുമില്ല. ഇത് മറ്റൊരു പ്രശ്‌നമാണ്. ഇത്തരത്തിൽ നഗ്നത കാണിക്കുന്നത് ആരും എവിടേയും അംഗീകരിക്കില്ല. ആ പെൺകുട്ടിയോട് ആരും മോശമായി പെരുമാറിയിട്ടുമില്ല.'-മൊഹജെറാനി വ്യക്തമാക്കി.