ഹമാസ് മേധാവി യഹിയ സിന്‍വറിന്റെ കൊലപാതകം സൃഷ്ടിച്ച ഭീതിയുടെയും ആശങ്കയുടെയും നിഴലിലാണ് പശ്ചിമേഷ്യ. ഹമാസിന്റെ മാസ്റ്റര്‍ ബ്രെയിനായ മേധാവിയെയാണ് ഹമാസിന് നഷ്ടമായത്. ഹമാസിന്റെ ഉന്നതരെയെല്ലാം ഹമാസ് വകവരുത്തി. ഹമാസിന് ഇനിയെന്തു സംഭവിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. സിന്‍വറിന്റെ മരണ ശേഷവും നിലപാടില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും ലക്ഷ്യം നേടുന്നത് വരെ പോരാട്ടം തുടരുമെന്നും ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സിന്‍വറിന്റെ മരണത്തിനു പിന്നാലെ ഇറാന്‍ രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു. ഇനി ഇസ്രയേലുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇനി ചര്‍ച്ചയില്ല തിരിച്ചടി മാത്രം എന്നും ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലബനനിലും ഇസ്രയേല്‍ പോരാട്ടം തുടരുന്നു. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്. ഹൂതികളും രംഗത്തുണ്ട്.
ലോകം ഞെട്ടലോടെയാണ് യഹിയ സിന്‍വറിന്റെ മരണ വാര്‍ത്ത കേട്ടത്. മുമ്പ് പല തവണ സിന്‍വര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അമ്പരപ്പിച്ചുകൊണ്ട് വീണ്ടും ജീവനോടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഇത് സംഭവിച്ചിരുന്നു.
സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിന്‍വര്‍ പ്രത്യക്ഷപ്പെട്ടു. മാത്രമല്ല, ഗസ വെടിനിര്‍ത്തലിന് ഇടനിലക്കാരായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തു.
ഇതുകൊണ്ടുതന്നെ, ഇത്തവണ വളരെ ശ്രദ്ധയോടെയാണ് ഇസ്രയേല്‍ സിന്‍വറിന്റെ മരണം പുറത്തുവിട്ടത്. മാത്രമല്ല, ഡിഎന്‍എ പരിശോധന നടത്തി, മൃതദേഹം സിന്‍വറിന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിടുകയും ചെയ്തു.
ഹമാസ് പോരാളികള്‍ ഉണ്ടെന്ന സംശയത്തിലാണ് ഐഡിഎഫ് കെട്ടിടത്തിനെ ആക്രമിച്ചത്. മറ്റു ഹമാസ് മേധാവികളും ഉന്നതരും കൊല്ലപ്പെട്ടത് പോലെ കൃത്യമായി പ്ലാനിംഗിനു ശേഷമല്ല സിന്‍വറിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മൂന്നു ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു. അവരില്‍ ഒരാള്‍ സിന്‍വറായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. തങ്ങള്‍ ആക്രമിക്കുന്നത് സിന്‍വറിനെയാണെന്ന് ഇസ്രയേല്‍ സൈന്യത്തിന് അറിയില്ലായിരുന്നു.
അതിനിടെ, വീണ്ടും വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇസ്രയേല്‍. യഹിയ സിന്‍വര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് രക്ഷപ്പെടുന്ന വിഡിയോയാണ് ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടത്. സിന്‍വറും ഭാര്യയും രണ്ടു മക്കളും തുരങ്കത്തിലൂടെ നടക്കുന്നതാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തുവിട്ട വിഡിയോയില്‍ ഉള്ളത്.
മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് യഹ്യ സിന്‍വര്‍ കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ഒളിച്ചിരുന്നതെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. വിഡിയോ പുറത്തുവിട്ടതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഹമാസ് രംഗത്തെത്തി. കമാന്‍ഡര്‍ സിന്‍വറിനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും അപമാനിച്ച് തങ്ങളുടെ പരാജയപ്പെട്ട സൈന്യത്തിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു.
ധീരരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ നിന്ന സിന്‍വര്‍ യുദ്ധക്കളത്തില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് പറഞ്ഞു.