ഹമാസ് മേധാവി യഹിയ സിന്‍വറിന്റെ മരണം സൃഷ്ടിച്ച ഞെട്ടലിലും ആശങ്കയിലുമാണ് ലോകം. അടുത്തടുത്ത് ഹമാസിന്റെ രണ്ടു ഉന്നതരാണ് കൊല്ലപ്പെട്ടത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും ഇസ്രയേലിനു നേരെ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ഭാര്യ സാറയും വീട്ടിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ലബനനില്‍ നിന്നും പറന്നുയര്‍ന്ന ഡ്രോണ്‍ ആണ് നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ടത്. സൈന്യം ടെല്‍ അവിവില്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് ഹമാസ് മേധാവി യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടത്. രണ്ടു ദിവസം മാത്രം പിന്നിടുമ്പോഴാണ് നെതന്യാഹുവിന്റെ വസതിക്കു നേരെ തന്നെ ആക്രമണം ഉണ്ടായിരിക്കുന്നത്.
സിന്‍വറിന്റെ മരണത്തിനു പിന്നാലെ ഇറാന്‍ രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു. ഇനി ഇസ്രയേലുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇനി ചര്‍ച്ചയില്ല തിരിച്ചടി മാത്രം എന്നും ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലബനനിലും ഇസ്രയേല്‍ പോരാട്ടം തുടരുന്നു. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്. ഹൂതികളും രംഗത്തുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേലിനെതിരെ ആക്രമണമുണ്ടായി. രണ്ട് ആയുധധാരികള്‍ ഇസ്രയേല്‍ സൈന്യത്തിനു വേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.
അതിനിടെ, ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ വധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സിന്‍വര്‍ കൊല്ലപ്പെട്ട വിവരം ഹമാസ് നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ സിന്‍വാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഐഡിഎഫ് പുറത്തുവിട്ടു.
തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയില്‍ വെടിയേറ്റ് മരിക്കുന്നതിനിടയില്‍ മറ്റ് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
61 കാരനായ ഹമാസ് തലവനെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. വിരല്‍ മുറിച്ചാണ് പരിശോധനയ്ക്ക് അയച്ചത്. തലയില്‍ വെടിയേറ്റാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബര്‍ 17 വ്യാഴാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ടത്.
സിന്‍വര്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. തനിക്ക് നേരെ പറന്നുവന്ന ഡ്രോണിന് നേരെ സോഫയില്‍ അവശനായിരിക്കുന്ന സിന്‍വര്‍ വടിയെറിയുന്നതും വീഡിയോയില്‍ കാണാം.
അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യഹിയ സിന്‍വറിന് പകരമായി പുതിയ നേതാവിനെ തിരയുകയാണ് ഹമാസ്. യഹിയ സിന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഇത് കൂടാതെ മാറ്റ് പേരുകളും പരിഗണിക്കുന്നുണ്ട്. മൂന്ന് മാസത്തിനിടെ രണ്ട് ഉന്നത നേതാക്കളെയാണ് ഹമാസിന് നഷ്ടമായത്. ഹമാസിന്റെ മുന്‍ മേധാവി ഇസ്മായില്‍ ഹനിയ ഇക്കഴിഞ്ഞ ജൂലൈയില്‍ ഇറാനില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. പിന്നാലെയാണ് യഹിയ സിന്‍വര്‍ സ്ഥാനം ഏറ്റെടുക്കുത്തത്.