ഏറെ ദുരൂഹതകള്‍ ഒളിപ്പിച്ചുവയ്ക്കുന്ന രാജ്യമാണ് ഇസ്രയേല്‍. ആയുധങ്ങളുടെ കാര്യത്തിലായാലും സാങ്കേതിക വിദ്യകളുടെ കാര്യത്തിലായാലും ഇസ്രയേല്‍ എന്തൊക്കെ സൂക്ഷിച്ചിരിക്കുന്നുവെന്നത് ഉറ്റ ചങ്ങാതിയായ അമേരിക്കയ്ക്ക് പോലും അജ്ഞാതമാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഇസ്രയേലിന്റെ നീക്കങ്ങളാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ പോലും മടിയില്ലാത്ത രാഷ്ട്രമാണ് ഇസ്രയേല്‍. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിന്റെ പിറവിക്ക് പിന്നിലെ ചരിത്രം തന്നെ എടുത്താലും മറ്റു മാര്‍ഗങ്ങളില്ലാതെ വന്നാല്‍ സ്വയം നശിക്കുന്നതിനൊപ്പം ശത്രുക്കളെ മുഴുവന്‍ ഇല്ലാതാക്കാനും അവര്‍ തുനിഞ്ഞേക്കും.
ലോകം മുഴുവന്‍ ചോദിക്കുന്ന ചോദ്യമാണ്, ഇസ്രയേല്‍ ആണവായുധം പ്രയോഗക്കുമോ, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുമോ എന്നൊക്കെ. എന്നാല്‍ ഇസ്രയേലിന്റെ നീക്കമെന്തെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അത്രത്തോളം ദുരൂഹമാണ് ഇസ്രയേലിന്റെ ആണവരംഗത്തെ പ്രവര്‍ത്തനങ്ങള്‍.
തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് യഹൂദ രാഷ്ട്രമായ ഇസ്രായേല്‍. രണ്ടു സഹസ്രാബ്ദം നീണ്ടുനിന്ന പലായന-പുനരധിവാസ ചരിത്രത്തില്‍ ഒരിടത്തും അവര്‍ തങ്ങളുടെ ഭാഷയും സംസ്‌കാരവും മതവും കൈവിട്ടു കളഞ്ഞിട്ടില്ല. സ്വന്തം രാജ്യവും സംസ്‌കാരവും സുരക്ഷിതമായി നിലനിര്‍ത്താന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ അവര്‍ക്ക് മടിയില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജൂതരാഷ്ട്രത്തിന്റെ രഹസ്യ സ്വഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ല. കര, വ്യോമ, നാവിക യുദ്ധങ്ങളില്‍ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ആയുധങ്ങളും, ലോകം മുഴുവന്‍ കഴുകനെപ്പോലെ നിരീക്ഷിക്കുന്ന മൊസാദ് എന്ന അതിശക്തമായ ചാരസംഘടനയുമുണ്ടെങ്കിലും ഒരു കാര്യത്തില്‍ മാത്രം ഇസ്രായേലിന്റെ പ്രഹരശേഷി ലോകം അറിഞ്ഞിട്ടില്ല.
തങ്ങളുടെ ന്യൂക്ലിയര്‍ പ്രോഗ്രാമുകളെപ്പറ്റി ഇസ്രായേല്‍ സദാ നിശബ്ദരാണ്. ഐക്യരാഷ്ട്ര സംഘടന പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളുടെ ചോദ്യത്തിനു മുന്നില്‍ തങ്ങളുടെ ന്യൂക്ലിയര്‍ കപ്പാസിറ്റിയെപ്പറ്റി ഇസ്രായേല്‍ മൗനം പാലിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ ടെല്‍ അവീവിലെ ഫയലുകളില്‍ വിശ്രമിക്കുന്നു. എങ്കിലും, ഇസ്രായേലിന്റെ നേതാക്കന്മാരില്‍ ചിലര്‍ ആണവ യുദ്ധത്തില്‍ ഇസ്രായേല്‍ ഒരിക്കലും പിറകിലല്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
1974ല്‍, ഇസ്രായേല്‍ പ്രസിഡന്റായ എഫ്രെയിം കറ്റ്‌സറാണ് ഇസ്രായേലിന്റെ ആണവ പര്യാപ്തത പൊതുജനസമക്ഷം ആദ്യമായി അംഗീകരിച്ചത്.
ഇസ്രയേല്‍ ആണവ പര്യാപ്തത നേടിയിട്ടില്ലെന്ന് സ്ഥിരബുദ്ധിയുള്ള യാതൊരു രാഷ്ട്രനേതാക്കളും ചിന്തിക്കില്ല. തന്നെയുമല്ല അമേരിക്ക പോലുള്ള വന്‍ശക്തികള്‍, ഇസ്രയേലിന്റെ പക്കല്‍ ആണവായുധങ്ങളുണ്ട് എന്ന് തറപ്പിച്ചു പറയുന്നുണ്ട്. അവയുടെ എണ്ണമോ പ്രഹരശേഷിയോ അവര്‍ക്കറിയില്ലെന്ന് മാത്രം. യു.എസ് പ്രസിഡന്റ് ആയ ജിമ്മി കാര്‍ട്ടര്‍, ഇസ്രയേലിന്റെ പക്കല്‍ വിനാശകാരികളായ 150ലധികം ആണവായുധങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സത്യത്തില്‍, ജോണ്‍ എഫ്.കെന്നഡി മുതലിങ്ങോട്ടുള്ള അമേരിക്കന്‍ പ്രസിഡണ്ടുമാരും ലോകനേതാക്കളും നിശബ്ദമായി ഇസ്രയേലിനെ ഒരു ആണവ ശക്തിയായി വളരാന്‍ അനുവദിക്കുകയാണ് ചെയ്തത്.
അറുപതുകളുടെ തുടക്കത്തില്‍, യുറേനിയം സമ്പുഷ്ടീകരണം ഉണ്ടായിരുന്നത് യു.എസ്, സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ ചുരുക്കം ചില രാജ്യങ്ങള്‍ക്കായിരുന്നു. ഈ രാജ്യങ്ങളില്‍ ഫ്രാന്‍സിന് രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് തന്നെ ആണവ പദ്ധതികളുണ്ടായിരുന്നു. 1949-ല്‍, വിഖ്യാത ഫ്രഞ്ച് ശാസ്ത്രജ്ഞനും ആറ്റോമിക് എനര്‍ജി കമ്മീഷന്‍ അംഗവുമായ ഫ്രാന്‍സിസ് പെറിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തോടെ, ഫ്രഞ്ച്-ഇസ്രായേല്‍ സംയുക്ത ആണവ പരീക്ഷണങ്ങള്‍ക്ക് വഴിതെളിഞ്ഞു. ഉത്തര ആഫ്രിക്കയിലെ നിരവധി ഫ്രഞ്ച് കോളനികളില്‍ നടന്നിരുന്ന വിമത പ്രവര്‍ത്തനങ്ങളെപ്പറ്റി ഫ്രാന്‍സിന് വിവരം നല്‍കിയിരുന്നത് മൊസാദ് ആയിരുന്നു. തന്നെയുമല്ല, യുറേനിയം സമ്പുഷ്ടീകരണത്തിലും അതിന് ഉപയോഗിക്കുന്ന ഹെവി വാട്ടറിന്റെ ഉത്പാദനത്തിലും ഇസ്രയേലിനുണ്ടായിരുന്ന പേറ്റന്റും ഫ്രാന്‍സിന് വളരെ ഗുണം ചെയ്യുന്നതായിരുന്നു.
സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇസ്രയേല്‍ 24 മെഗാവാട്ട് ശേഷിയുള്ള ആണവ റിയാക്ടര്‍ പണി കഴിപ്പിക്കുന്നു എന്ന വിവരം പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗുരിയോന്‍ ലോകത്തോട് പറഞ്ഞത്. ഔദ്യോഗികമായി പിന്നീട് 24 മെഗാവാട്ട് ശക്തിയിലേക്ക് ഉയര്‍ന്ന ഉത്പാദന ക്ഷമത, കാലക്രമേണ എണ്‍പതുകളില്‍ 150 മെഗാവാട്ട് വരെയായി.
ഇസ്രയേല്‍ പ്രതിരോധമന്ത്രി മോഷെ ദയാന്‍ റിയാക്ടറുകളുടെ സഹായത്തോടെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. 1994-ല്‍, ഒരു ടണ്‍ ന്യൂക്ലിയര്‍ പെയ്‌ലോഡ് വഹിച്ച് 5,000 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള ജെറീക്കോ-2 മിസൈല്‍ ഇസ്രയേല്‍ വിജയകരമായി പരീക്ഷിച്ചു.
1986-ല്‍, ഇസ്രയേലിന്റെ ആണവായുധ പദ്ധതിയെക്കുറിച്ച്, അവരുടെ തന്നെ ന്യൂക്ലിയര്‍ ടെക്‌നീഷ്യനായ മൊര്‍ദ്ദേക്കായി വനുനു മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ ജോലിയില്‍ മനംമടുത്ത് അതെല്ലാം വിട്ട് ലോകസഞ്ചാരത്തിന് ഇറങ്ങിയ വനുനു, മെല്ലെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായി മാറിയിരുന്നു. ബ്രിട്ടനില്‍ താമസിക്കവേയാണ് നൂറ് ആണവായുധങ്ങള്‍ ഇസ്രയേലിന്റെ പക്കലുണ്ടെന്ന വിവരമടക്കം തന്റെ പല പൂര്‍വ്വകാല സ്മരണകളും അദ്ദേഹം പത്രക്കാരോട് വെളിപ്പെടുത്തിയത്. ഈ തുറന്നു പറച്ചിലില്‍ ഡിമോണ റിസര്‍ച്ച് ഫാക്ടറിയിലെ ആണവ സമ്പുഷ്ടീകരണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളുമുണ്ടായിരുന്നു. ബ്രിട്ടീഷ് പത്രങ്ങള്‍ ഇസ്രയേലിന്റെ ആണവ പരീക്ഷണങ്ങളുടെ കഥ ചൂടോടെ പ്രസിദ്ധീകരിച്ചു.
വലിയൊരു അപകടകാരിയെ ഇസ്രയേല്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഇസ്രായേലിന്റെ അവസാന ആയുധമെന്ന് വിശേഷിപ്പിക്കുന്ന സാംസണ്‍ ഓപ്ഷന്‍. സാംസണ്‍ ഓപ്ഷന്‍ അങ്ങേയറ്റം വിനാശകരമായ ഒന്നാണ്. ഇസ്രയേല്‍ ജനത എന്നു തങ്ങളുടെ സമ്പൂര്‍ണ പരാജയം ഉറപ്പാക്കുന്നുവോ, അന്ന് ശത്രുക്കള്‍ക്ക് മേല്‍ സെക്കന്‍ഡ് സ്‌ട്രൈക്ക് നടത്താനുള്ള സംവിധാനമാണ് സാംസണ്‍ ഓപ്ഷന്‍.
ഒരു രാജ്യം അണുബോംബിനാല്‍ നശിപ്പിക്കപ്പെട്ടാല്‍, ആക്രമണം മുന്‍കൂട്ടിക്കണ്ട് അതിനെ തിരിച്ചടിക്കാന്‍ വേണ്ടി ആണവായുധം രഹസ്യമായി സജ്ജമാക്കി വയ്ക്കുന്നതിനെയാണ് സെക്കന്‍ഡ് സ്‌ട്രൈക്ക് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, സാംസണ്‍ ഓപ്ഷന്‍ ഇതിനെക്കാളും മാരകമാണ്.
ഇസ്രയേലില്‍ പല അതീവ രഹസ്യ കേന്ദ്രങ്ങളിലും എല്ലാ ശത്രു രാജ്യങ്ങളും ലക്ഷ്യമാക്കി ന്യൂക്ക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കരയില്‍ നിന്നും, കടലില്‍നിന്നും ആകാശത്തുനിന്നും ഈ ഭീകരന്മാരെ വിക്ഷേപിക്കാന്‍ സാധിക്കും. ജൂതരാഷ്ട്രത്തിന്റെ നിലനില്‍പ്പിനുള്ള അവസാന വഴി പോലും അടഞ്ഞാല്‍, ഒരൊറ്റ നിമിഷം കൊണ്ട് ഈ മിസൈലുകള്‍ ലോഞ്ച് ചെയ്യപ്പെടും. അങ്ങേയറ്റം വിനാശകരമായ അന്ത്യമാകും അതോടെ ശത്രു രാജ്യങ്ങള്‍ക്ക് സംഭവിക്കുക. ഇസ്രയേല്‍ ഈ സര്‍വ്വനാശത്തിന്റെ പദ്ധതിക്ക് സാംസണ്‍ ഓപ്ഷന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ഒരിക്കലും പുറത്തു വിടാത്ത ഇസ്രയേല്‍, ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പക്ഷേ, ഡേവിഡ് ബെന്‍ഗുരിയോണ്‍, ഷിമോണ്‍ പെരസ്, ലെവി എഷ്‌കോള്‍, തുടങ്ങി ഇസ്രയേലിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ച പ്രമുഖരെല്ലാം പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.