യൂട്യൂബിനുമേല്‍ കടന്നാക്രമണവുമായി റഷ്യന്‍ ഭരണകൂടം. റഷ്യന്‍ ചാനലുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് റഷ്യന്‍ ഭൂപരിധിയില്‍ യൂട്യൂബിന്റെ വേഗം ഗണ്യമായി വെട്ടിക്കുറച്ചാണ് രാജ്യം കമ്പനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. യൂട്യൂബിന്റെ സ്ട്രീമിങ് വേഗം നിലവില്‍ 40 ശതമാനത്തോളവും ഈ ആഴ്ച 70 ശതമാനത്തോളവും കുറയ്ക്കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് യൂട്യൂബ് വീഡിയോകള്‍ പ്ലേ ചെയ്യുന്നതില്‍ പ്രയാസം നേരിടും.
ഇത് അനിവാര്യമായ നടപടിയാണെന്നും യൂട്യൂബിനെതിരായ നടപടി റഷ്യന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ വേണ്ടിയല്ലെന്നും യൂട്യൂബ് അധികൃതരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി മേധാവി അലക്സാണ്ടര്‍ ഖിന്‍സ്റ്റീന്‍ പറഞ്ഞു. യൂട്യൂബ് വേഗം വെട്ടിക്കുറച്ചത് റഷ്യന്‍ നിയമങ്ങള്‍ക്ക് വിധേയരാവാന്‍ യൂട്യൂബില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള റഷ്യയുടെ നയതന്ത്ര നടപടികളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.