അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് ഓടിക്കയറുമ്പോള്‍ ലോക ക്രമം തന്നെ മാറുമെന്ന് ഉറപ്പാണ്. കാരണം കണിശക്കാരനായി ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ നിലപാടുകള്‍ക്കെല്ലാം ലോകം സാക്ഷിയായതാണ്. യുക്രെയ്ന്‍- റഷ്യ യുദ്ധം, ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അങ്ങനെ ലോകം മുഴുവന്‍ യുദ്ധഭീതിയില്‍ നില്‍ക്കെ ട്രംപുകൂടിയെത്തുമ്പോള്‍ അത് നിലപാടുകള്‍ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാവുക പശ്ചിമേഷ്യയിലായിരിക്കും. കാരണം ഇസ്രയേലും ജൂത വംശവും എന്നുപറഞ്ഞാല്‍ ട്രെപിന്റെ പെറ്റമ്മയും പോറ്റമ്മയുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലടക്കം വ്യക്തമായ നിലപാട് ഇസ്രയേല്‍- ഇറാന്‍ വിഷയത്തില്‍ സ്വീകരിച്ചത്. ഒരുഘട്ടത്തില്‍ ആണവായുധം ഉപയോഗിച്ച് ഇറാനെ തീര്‍ക്കുകയെന്ന പരാമര്‍ശം വരെ ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
ഈ അവസരത്തില്‍ ലോകം ജാഗ്രതയോടെ ഇരിക്കേണ്ടതും ലോക രാഷ്ട്രങ്ങള്‍ കരുതലോടെ നിലപാട് സ്ലീകരിച്ചില്ലെങ്കിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നുറപ്പാണ്.
കാരണം, ഇറാന്‍ - ഇസ്രയേല്‍ പ്രോക്‌സി കോണ്‍ഫ്‌ളിക്ട് എന്നറിയപ്പെട്ടിരുന്ന ആ ചെറിയ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കും പിന്തുണയായി ശക്തരായ രാജ്യങ്ങളുള്ളതിനാല്‍ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന യുദ്ധം വരെയാകും ഫലമെന്ന് പല വിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ഇരുവശത്തും ആള്‍നാശമുണ്ടാകുന്ന മിസൈല്‍, വ്യോമാക്രമണങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ആണവ ശക്തികളാണ് ഇരു രാജ്യങ്ങളുമെന്ന് കരുതപ്പെടുന്നതിനാല്‍ ഒരു യുദ്ധമുണ്ടാകുന്നത് ആശങ്കയുളവാക്കുന്നതാണെന്നാണ് ഏവരും സമ്മതിക്കുന്നു. ഇസ്രയേലിന്റെ എതിര്‍ ആക്രമണങ്ങള്‍ക്കിടയിലും എണ്ണ, ആണവ കേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതായി കാണപ്പെട്ടത് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയുമൊക്കെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരുന്നു.
ഇവിടെ മറ്റ് രാഷ്ട്രങ്ങളുടെയും നിലപാട് നിര്‍ണായകമാണ്.... അതില്‍ പ്രധാനമാണ് ഇറാനൊപ്പം നില്‍ക്കുന്ന അറബ് രാഷ്ട്രമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും സൗദി അറേബ്യയുടെ നിലപാട്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ അപലപിക്കുമ്പോഴും രണ്ടുഭാഗത്തും നില്‍ക്കാതെയുള്ള സമീപനമാണ് സൗദി സ്വീകരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു ചേരിയില്‍ നില്‍ക്കാന്‍ സൗദി നിര്‍ബന്ധിതമാകും.
മറ്റൊന്ന് പാകിസ്ഥാനാണ്... ഇറാനെതിരായുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോഴും അമേരിക്കയുടെ സഹായമില്ലാതെ പാകിസ്ഥാന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സ്ഥിതിവിശേഷമാണ്. ഇറാനുമായി ദീര്‍ഘ അതിര്‍ത്തി പങ്കിടുകയും അതേസമയം അമേരിക്കയുടെ സഖ്യകക്ഷിയായി നില്‍ക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍ അവിടെയും ഇവിടെയും തൊടാതെ നില്‍ക്കാനാണ് സാദ്ധ്യത.
സംഘര്‍ഷം നടന്ന് ഇത്രനാളായിട്ടും ഒരക്ഷരം പോലും ഉരിയാടാത്ത രാ്ഷ്ടമാണ് യുഎഇ. അമേരിക്കയെ പിണക്കി ഒരു കാര്യത്തിനും നില്‍ക്കാത്ത യുഎഇ നാളിതുവരെ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെ അപലപിച്ചും പ്രദേശത്തെ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചും വെബ്‌സൈറ്റില്‍ ഒരു പ്രസ്താവന മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മറിച്ച് ആകെ ധര്‍മ്മ സംഘടത്തിലായിരിക്കുന്നത് ഇറാഖാണ്.മധുരിച്ചിട്ട് തുപ്പാനും വയ്യ.കൈച്ചിട്ട് ഇറാക്കാനും വയ്യ എന്ന് പറയുമ്പോലെയാണ് ഇറാഖിന്റെ നിലപാട്. അധിനിവേശത്തിനും സദ്ദാമിന്റെ വധത്തിനും ശേഷം അമേരിക്കയുടെ സഹായം വലിയ തോതില്‍ തന്നെ ഇറാഖിന് ലഭിക്കുന്നുണ്ട്. ഒരു പരിധിവരെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ ഇവിടെയുള്ളത് ഇറാഖി ജനതയ്ക്ക് ആശ്വാസവുമാണ്.ഒപ്പം ഇസ്രയേലിന്റെ ആക്രമണാത്മക നടപടികളെ വിമര്‍ശിക്കുകയും സ്ഥിരത പുനസ്ഥാപിക്കാന്‍ രാജ്യാന്തര സഹകരണം ആവശ്യപ്പെടുകയുമാണ് ഇറാഖ് ചെയ്യുന്നത്.
എന്നാല്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും പക്ഷേ കൂടുതല്‍ അനിഷ്ടങ്ങളുണ്ടാക്കാന്‍ സംയമനം പാലിക്കണമെന്നുമാണ് ബ്രിട്ടന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.
മറിച്ച് ഇന്ത്യയുടെ സമീപനം വളരെ കൃത്യവും വ്യക്തവുമാണ്. കഴിഞ്ഞ ഒക്ടോബര്‍ 7ന് ഹമാസുകാര്‍ ഇസ്രയേലില്‍ കടന്നുകയറി 1200 ഓളം ഇസ്രയേലികളെ കൊന്നൊടുക്കുകയും 200 ഒളം പേരെ ബന്ധികളാക്കുകയും ചെയ്ത സംഭവം തീവ്രവാദ പ്രവര്‍ത്തനമെന്നായിരുന്നു ഇന്ത്യ വിശേഷിപ്പിച്ചത്. അന്നു തന്നെ ആ സംഭവത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിന് പ്രഖ്യാപിച്ചത്.എന്നാല്‍ പിന്നീടുണ്ടായ കൂട്ടക്കുരുതികളോരോന്നും ആരുടെ ഭാഗത്തുനിന്നുണ്ടായതാണെങ്കിലും ഒരിക്കലും അംഗീകരിക്കാനാകാത്തതും സാധാരണക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സംയമനം പാലിക്കണമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ നയതന്ത്ര തലത്തില്‍ പരിഹരിക്കപ്പെടണമെന്നുമാണ് പ്രസ്താവനയില്‍ പറഞ്ഞത്.
ഇങ്ങനെ ലോകം രണ്ടു ചേരിയിലായിരിക്കെ ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. അതിനാല്‍ത്തന്നെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാവാനും സാദ്ധ്യതയുണ്ട്.