റഫയില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ പത്ത് ലക്ഷത്തോളം ആളുകളാണ് പലായനം ചെയ്തതെന്ന് യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി (യു എന്‍ ആര്‍ ഡബ്ല്യു എ) പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും ഗസ്സയുടെ വടക്ക്, മധ്യ മേഖലയിലെ ആക്രമണത്തെ തുടര്‍ന്ന് റഫയില്‍ അഭയം തേടിയവരാണ്. മധ്യ റഫയിലേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങിയതോടെ വീണ്ടും കൂട്ടപ്പലായനം തുടങ്ങിയതായി യു എന്‍ പറയുന്നു. ഇസ്രയേല്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കവേ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 36,096 ആയി. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 81,136 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്.