താഡ് എത്തി, ഒപ്പം അമേരിക്കയുടെ ഭീഷണിയും

സാങ്കേതിക വിദ്യയുടെ അമരക്കാരെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഇസ്രയേലിന് കിട്ടിയ വലിയ അടിയായിരുന്നു ഹിസ്ബുള്ളയുടെയും ഇറാന്റെയുമൊക്കെ മിസൈലുകൾ ടെല്‍അവീവിന്റെ ആകാശത്ത് പാറിക്കളിച്ചത്.

author-image
Rajesh T L
Updated On
New Update
ukj


സാങ്കേതിക വിദ്യയുടെ അമരക്കാരെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഇസ്രയേലിന് കിട്ടിയ വലിയ അടിയായിരുന്നു ഹിസ്ബുള്ളയുടെയും ഇറാന്റെയുമൊക്കെ മിസൈലുകൾ  ടെല്‍അവീവിന്റെ ആകാശത്ത് പാറിക്കളിച്ചത്. ഇസ്രയേല്‍ അഭിമാനമായി കൊണ്ടുനടന്ന അയേണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധസംവിധാനത്തിന്റെ വിശ്വാസ്യത കൂടിയാണ് ഇവിടെ  ചോദ്യചിഹ്നമായത്.

അതിന്റെ ഷോക്കില്‍ നിന്നും ഇസ്രായേൽ  മോചിതമായിട്ടില്ലെങ്കിലും ഇസ്രയേലിനെ കൈവിട്ടുകളയാന്‍ അമേരിക്കയും തയാറല്ല. അതുകൊണ്ടാണ് അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് സിസ്റ്റം ഇസ്രയേലില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ ചുമ്മാതങ്ങ് എത്തിച്ചുകൊടുക്കുക മാത്രമല്ല അമേരിക്ക ചെയ്തിരിക്കുന്നത്.

ഇസ്രായേലിന്റെ സ്വയം പ്രതിരോധ ആവശ്യത്തെ പിന്തുണയ്ക്കുന്നതിന് ഒപ്പം അവര്‍ക്ക് മുന്നറിയിപ്പും ഇപ്പോള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. ഇസ്രായേലിന്റെ രക്ഷക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുകയും അത്യാധുനിക താഡ് മിസൈല്‍ പ്രതിരോധ സംവിധാനമെത്തിക്കുകയും ചെയ്തതിനു പിറകെയാണ് നെതന്യാഹുവിന് അമേരിക്കയുടെ വകയായി   ഭീഷണിയും എത്തിയിരിക്കുന്നത്.

ഗസയില്‍ മാനുഷിക സഹായം എത്തിക്കുന്ന കാര്യത്തിലാണ് ഈ മുന്നറിയിപ്പ് ഉണ്ടായത്. ഇസ്രയേലിലെ മാനുഷിക ദുരിതത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആയുധം നല്‍കുന്നത് നിര്‍ത്തുമെന്നാണ് ഇസ്രയേലിന് അമേരിക്കയുടെ ഭീഷണി. ഒരു മാസത്തിനകം ഗസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനും അടിയന്തര സഹായം എത്തിക്കാനും നടപടിയുണ്ടായില്ലെങ്കില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക അന്ത്യശാസനം നല്‍കിയതായാണ് ടൈംസ് ഒഫ് ഇസ്രയേലന്റെ റിപ്പോര്‍ട്ട്.

സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഒപ്പുവച്ച കത്തിലാണ് ഇസ്രയേലിന് അമേരിക്കയുടെ വാണിങ്.   കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ വലിയ തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് സുരക്ഷാ സഹായം ലഭിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമായി പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നാഷനല്‍ സെക്യൂരിറ്റി മെമോറാണ്ടം പുറത്തിറക്കിയിരുന്നു. ഇതില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സഹായം സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം ബാധ്യതയുണ്ട്. ഇതുണ്ടായില്ലെങ്കില്‍ സൈനിക സഹായവും നിര്‍ത്തുമെന്നാണ് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസയ്ക്കുള്ള സഹായങ്ങളില്‍ 50 ശതമാനത്തിന്റെ ഇടിവുണ്ടായതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്രമണം ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ സഹായമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗസയ്ക്കുള്ള മാനുഷിക സഹായത്തിന്റെ തോത് വര്‍ധിപ്പിക്കണം, ജോര്‍ദാന്‍ വഴിയുള്ള സഹായ വിതരണത്തിന് സൗകര്യമൊരുക്കണം, വടക്കന്‍ ഗസയ്ക്കുമേല്‍ ചുമത്തിയ ഉപരോധം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും കത്തില്‍ പറയുന്നുണ്ട്.

ഏറ്റവുമൊടുവില്‍ വടക്കന്‍ ഗസയില്‍ ഇസ്രയേല്‍ ദിവസങ്ങളായി തുടരുന്ന സൈനിക നീക്കം ലക്ഷങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ ഗസയിലേക്ക് എല്ലാവിധ സഹായങ്ങളും മുടക്കിയും നാടുവിടാന്‍ പോലും അനുവദിക്കാതെയും വിവിധ മേഖലകളില്‍ കൂട്ടക്കൊല തുടരുകയാണെന്നാണ് കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്. മറ്റു വഴികളെല്ലാം ഇസ്രയേല്‍ ഇല്ലാതാക്കിയതിനാല്‍ യു.എന്‍ ഏജന്‍സികള്‍ നല്‍കുന്ന സഹായം മാത്രമാണ് നിലവില്‍ വടക്കന്‍ ഗസയിലുള്ളവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാകുന്നത്. ഇതുകൂടി നിര്‍ത്തുന്നത് 4 ലക്ഷത്തോളം പലസ്തീനികളെ മഹാ ദുരിതത്തിലാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം പിന്നിട്ട് തുടരുന്ന വംശഹത്യയെ സഹായിച്ച് ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണ്. യുദ്ധവിമാനങ്ങള്‍, ബോംബുകള്‍, മിസൈലുകള്‍, ഷെല്ലുകള്‍ എന്നിവയിലേറെയും യു.എസ് എത്തിച്ചു നല്‍കുന്നതാണ്. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ തുടരുന്ന അധിനിവേശം 17 ലക്ഷം പലസ്തീനികളെയാണ്  അല്‍മവാസി അഭയാര്‍ഥി ക്യാമ്പിനുള്ളിലേക്ക് തള്ളിവിട്ടത്. അടിയന്തരമായി പ്രതിദിനം 350 ട്രക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.

കത്തിനു പിന്നാലെ വടക്കന്‍ ഗസയിലേക്ക് സഹായ ട്രക്കുകള്‍ കടത്തിവിട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ ആദ്യമായാണ് അതിര്‍ത്തി കടക്കാന്‍ ട്രക്കുകള്‍ക്ക് അനുമതി ലഭിച്ചത്. കറം അബൂസാലിം, എറസ് ക്രോസിങ്ങുകള്‍ വഴി 145 സഹായ ട്രക്കുകള്‍ വടക്കന്‍ ഗസയില്‍ എത്തിയതായും പറയുന്നുണ്ട്.

usa israel missile iran israel war news