ഇസ്രയേലില്‍ ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഇസ്രയേലിലെ ടെല്‍ അവിവില്‍, മൊസാദിന്റെ ആസ്ഥാന മന്ദിരത്തിനു സമീപമാണ് ആക്രമണം നടന്നത്. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക വിവരം. ഒരു ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി പൊലീസ് അറിയിച്ചു. ബസ് സ്റ്റോപ്പില്‍ വാഹനം കാത്തുനിന്നവര്‍ക്കു നേരെയാണ് ട്രക്ക് പാഞ്ഞുകയറിയത്. ഹെര്‍സ്ലിയക്ക് സമീപമുള്ള ഗ്ലിലോട്ട് മേഖലയിലാണ് അപകടം നടന്നത്.
അതീവ സുരക്ഷാ മേഖലയാണിവിടം. ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാന മന്ദിരവും ഐഡിഎഫിന്റെ നിരവധി യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍, അതീവ ഗൗരവത്തോടെയാണ് സംഭവത്തെ സമീപിക്കുന്നത്. ഐഡിഎഫിന്റെ ഹൈ പ്രൊഫൈല്‍ നിഗ്നല്‍സ് ഇന്റലിജന്‍സ് ഗ്രൂപ്പായ യൂണിറ്റ് 8200 നെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 1 ന് ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച ഇസ്രയേല്‍, ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തെഹ്റാന് സമീപം നിരവധി സ്ഫോടനങ്ങളുണ്ടായത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
തെഹ്‌റാന്‍ കൂടാതെ, സമീപ നഗരമായ കറാജിലെ താമസക്കാരും സ്‌ഫോടനങ്ങള്‍ കേട്ടതായി മാധ്യമങ്ങളോട് പറഞ്ഞു.
സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് ആക്രമണമെന്നായിരുന്നു ഇസ്രായേലിന്റെ ന്യായീകരണം. ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി ഇസ്രായേലി പൗരന്മാരോട് ജാഗ്രതയോടെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരും ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.
വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം തെഹ്റാനായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാല്‍ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു.
ചെറിയ നാശനഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും ഇറാന്‍ വ്യക്തമാക്കി. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിച്ചെന്നുമാണ് ഇറാന്‍ അവകാശപ്പെട്ടത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തെഹ്റാന്‍ ലക്ഷ്യമാക്കി എത്തിയ ഇസ്രയേലിന്റെ മിസൈലുകളെ തകര്‍ത്തതായി അല്‍ മയാദീന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനിലാണ് ഐഡിഎഫ് ആദ്യ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. തെഹ്റാനു നേരെയുണ്ടായ ആക്രമണങ്ങള്‍ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ ഇറാന്റെ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ മിസൈലുകളെയും തകര്‍ത്തതായാണ് അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്റെ രക്ഷക്കെത്തിയത് റഷ്യയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് റഷ്യ , ഇറാന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതീവ രഹസ്യ സ്വഭാവമുള്ള ആക്രമണ തീരുമാനം ചോര്‍ന്നത് ഇസ്രയേലിന്റെ ഉറക്കം കെടുത്തും.
റഷ്യ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണത്തെ പ്രതിരോധിക്കാനും ആള്‍നാശവും നാശനഷ്ടങ്ങളും കുറയ്ക്കാനും ഇസ്രയേലിനെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൈ ന്യൂസ് അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിന്റെ ആക്രമണ പ്രഖ്യാപനത്തിനു മുമ്പ് തന്നെ ഇറാന് റഷ്യ വിവരം ചോര്‍ത്തി നല്‍കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.