അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയപ്പോള്‍ ക്രൂരമായ പല നടപടികളും ലോകം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത് ഒട്ടും വൈകിയില്ല. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാന്‍ നടപ്പാക്കിയ വധശിക്ഷ കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്.കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന പഴയ ശിക്ഷാരീതികള്‍ ഇപ്പോഴും ഇവിടെ അവര്‍ തുടരുകയാണെന്ന് ലോക രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം ഒരു കുറ്റവാളിയെ പരസ്യമായി വെടിവെച്ചു കൊന്ന സംഭവമാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത് താലിബന്‍ ഭരണം തിരികെ എത്തിയതിന് ശേഷം ഇത്തരത്തില്‍ വധിക്കുന്ന ആറാമത്തെ വ്യക്തിയാണ് ഇയാള്‍.
പക്ത്യാ പ്രവിശ്യയുടെ തലസ്ഥാനമായ ഗാര്‍ഡേസില്‍ ആയിരക്കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തിയാണ് ശിക്ഷാവിധി നടപ്പിലാക്കിയത്.കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ വെടിവച്ച് കൊല്ലുന്നത് കാണാന്‍ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ക്ഷണം ലഭിച്ചിരുന്നു.കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനെയാണ് കുറ്റക്കാരനെ വെടിവച്ച് കൊല്ലാന്‍ ചുമതലപ്പെടുത്തിയിരുന്നത്.പ്രവിശ്യയിലെ ഗവര്‍ണറുടെ ഓഫീസില്‍ നിന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിരിക്കുന്നത്.
കൊലക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് അയാസ് ആസാദാണ് വധശിക്ഷക്ക് വിധേയനായത്.ഇയാളുടെ വധശിക്ഷ സംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വെച്ചിരിക്കുന്നത് താലിബന്‍ പരമോന്നത നേതാവായ ഹിബാത്തുള്ള അഖുണ്ഡ്‌സാദയാണ്. പട്ടണത്തിലെ വലിയൊരു ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്.വധശിക്ഷ സ്റ്റേ ചെയ്യാന്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ക്ക് അവസരം നല്‍കിയിരുന്നെങ്കിലും അത് തള്ളിക്കളയുകയായിരുന്നു.
ആഭ്യന്തരമന്ത്രി സിറാജുദീന്‍ ഹക്വാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.നേരത്തേ 1996 മുതല്‍ 2001 വരെ നീണ്ടു നിന്ന ആദ്യ താലിബന്‍ ഭരണത്തില്‍ പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നത് പതിവായിരുന്നു. ഒരിടവേളക്ക് ശേഷം 2021 ല്‍ താലിബന്‍ ഭരണത്തില്‍ തിരിച്ചെത്തിയപ്പോള്‍ വളരെ കുറച്ച് പേരെ മാത്രമേ ഇത്തരത്തില്‍ പരസ്യമായി വധശിക്ഷക്ക് വിധേയരാക്കിയിട്ടുള്ളൂ.2022ല്‍ താലിബന്‍ ഭരണകൂടം തന്നെ ഇസ്ലാമിക നിയമപ്രകാരം ഇത്തരത്തിലുള്ള ശിക്ഷാ നടപടികള്‍ നടപ്പിലാക്കാന്‍ ജഡ്ജിമാരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം മൂന്ന് പേരെയാണ് പരസ്യമായി വധശിക്ഷക്ക് വിധേയരാക്കിയത്. ഇവരെയല്ലാം തന്നെ പരസ്യമായി വെടിവച്ച് കൊല്ലുകയായിരുന്നു.മോഷണം,വ്യഭിചാരം,മദ്യപാനം എന്നീ കുറ്റങ്ങള്‍ക്ക് ചാട്ടവാറടിയാണ് ശിക്ഷയായി നല്‍കുന്നത്.1989 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപങ്ങളിലൂടെയാണ് താലിബന്‍ രാജ്യത്ത് ചുവടുറപ്പിച്ചത്.
1999ല്‍ ഭര്‍ത്താവിനെ കൊന്നു എന്ന കുറ്റത്തിന് ബുര്‍ഖ ധരിച്ച് നില്‍ക്കുന്ന ഒരു സ്ത്രീയെ കാബൂളിൽ പരസ്യമായി വധിക്കുന്നതിന്റെ ചിത്രം ലോകവ്യാപകമായി തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റര്‍നാഷണലും ഉള്‍പ്പെടെയുള്ള സംഘടനകള്‍ അഫ്ഗാനിസ്ഥാനിലെ ഇത്തരം ശിക്ഷാവിധികള്‍ക്കെതിരെ പലപ്പോഴും രംഗത്ത് എത്തിയിട്ടുണ്ട്.ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം 2022 ല്‍ ചൈന,ഇറാന്‍, സൗദി അറേബ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്.
അതിനിടെ ഇന്ത്യയില്‍ ആദ്യത്തെ സ്ഥാനപതിയെ പ്രഖ്യാപിച്ചിരിക്കുകയാണ് താലിബാന്‍. ഇക്രമുദ്ദിന്‍ കാമിലിനെയാണ് ആക്ടിംഗ് കൗണ്‍സിലായി താലിബാന്‍ നിയോഗിച്ചത്. മുംബൈയിലെ അഫ്ഗാന്‍ മിഷനിലാണ് നിയമനം.താലിബാന്റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് ആണ് നിയമനം സ്ഥിരീകരിച്ചത്.എന്നാല്‍ ഇന്ത്യയ്ക്ക് ഇതിനോട് അനുകൂല നിലപാട് അല്ലെന്നാണ് വ്യക്തമാക്കുന്നത്.
വിദ്യാര്‍ത്ഥിയെന്നാണ് കാമിലിന് നല്‍കിയിരിക്കുന്ന വിശേഷണം.ഏഴ് വര്‍ഷത്തോളമായി പഠനാവശ്യങ്ങള്‍ക്കായി കാമില്‍ ഇന്ത്യയില്‍ താമസിച്ചുവരികയാണ്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരത്തെ പരിചയമുള്ള വ്യക്തിയായതിനാല്‍ അഫ്ഗാന്‍ കോണ്‍സുലേറ്റില്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് നിയമനവുമായി ബന്ധമുള്ള അധികാരികളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.