ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനനം പ്രഖ്യാപിച്ച് തായ്‌ലന്‍ഡ്. 93 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായാണ് തായ്‌ലന്‍ഡ് ഈ പദ്ധതി തയ്യാറാക്കിയത്. അതോടൊപ്പം അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷന്‍-ഡിജിറ്റല്‍ നൊമാഡ് വിസകളും നല്കാൻ തീരുമാനമായിട്ടുണ്ട്. തായ്ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങള്‍.
ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നവരെയും വിദ്യാര്‍ഥികളെയും ജോലികളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് തായ്‌ലന്‍ഡ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സഞ്ചാരികളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം താമസിക്കുക എന്നതിനാലാണിത് പുതിയ തീരുമാനം. ജൂലൈ മുതലാണ് ഈ പദ്ധതി യാഥാര്‍ഥ്യമാകുക. സ്രെത്ത തവിസിന്റെ മന്ത്രിസഭ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള ശക്തമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.
കൂടാതെ, ഓണ്‍ലൈനായി ജോലികള്‍ ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്കായി 180 ദിവസം കാലാവധിയുള്ള വിസ നല്‍കാനും തായ്‌ലന്‍ഡ് പദ്ധതിയിട്ടു. 180 ദിവസംകഴിഞ്ഞാൽ ഇത് വീണ്ടും നീട്ടി നല്‍കും. ഇത്തരത്തില്‍ അഞ്ച് വര്‍ഷം വരെ വിദേശികള്‍ക്ക് ഓണ്‍ലൈനായി ജോലി ചെയ്ത് തായ്‌ലന്‍ഡില്‍ താമസിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ നൊമാഡ് വിസ എന്നറിയപ്പെടുന്ന ഇതിന് സമാനമായ വിസകള്‍ ജപ്പാനും ഇറ്റലിയുമെല്ലാം പുറത്തിറക്കിയിരുന്നു.