ബീജിങ് / വാഷിങ്ടൺ: വെടിയേറ്റ് നിമിഷങ്ങൾക്കുശേഷം തന്നെ മുഷ്ടി ചുരുട്ടി നിൽക്കുന്ന യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറൽ. ഈ ചിത്രം പ്രിൻറ് ചെയ്ത ടീ ഷർട്ടുകൾ ലോകത്തെ വിവിധ മാർക്കറ്റുകളിൽ വില്പനയും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, ഈ ചിത്രമുള്ള ടീഷർട്ടുകളുടെ വിൽപന ചൈന തടഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റുകളിൽ ആരംഭിച്ച വിൽപനയാണ് ചൈന തടഞ്ഞിരിക്കുന്നത്. വെടിവെപ്പുണ്ടായി മണിക്കൂറുകൾക്കകം തന്നെ ഈ ചിത്രം പതിച്ച ടീഷർട്ടുകൾ താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളിൽ ലഭ്യമായിരുന്നു. 39 യുവാൻ (500 രൂപയോളം) ആണ് ഈ ടീഷർട്ടിന്റെ വില. എന്നാൽ, എന്തുകൊണ്ടാണ് ഇത് അധികൃതർ നീക്കം ചെയ്യിപ്പിച്ചത് എന്നത് വ്യക്തമല്ല.
അതേസമയം, ഇതേ ചിത്രത്തോടെയുള്ള ടീഷർട്ടിൻറെ അമേരിക്കയിലെ വിൽപന തകൃതിയായി നടക്കുകയാണ്. അമേരിക്കയിൽനിന്നടക്കം ടീഷർട്ടിനായി ആയിരക്കണക്കിന് ഓർഡറുകളാണ് ചൈനയിലെ റീട്ടെയിലർമാർക്ക് ലഭിച്ചത്. പോസിറ്റീവായും നെഗറ്റീവായുള്ളമുള്ള കാരണങ്ങളാൽ വർഷങ്ങളായി ചൈനയിലെ സൈബറിടങ്ങളിൽ ശ്രദ്ധാകേന്ദ്രമാണ് ട്രംപ്.