വാഷിങ്ടണ്‍: 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സുനിത വില്യംസും, സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തും. അതിനായുളള സമ്മതിദാനപത്രം അയച്ചിട്ടുണ്ടെന്നും ബുച്ച് വില്‍മോര്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുകയെന്നത് ഒരു പ്രധാന കടമയാണ്. ആ കടമ എളുപ്പമാക്കാന്‍ നാസ തങ്ങളെ സഹായിക്കുമെന്ന് ബുച്ച് വില്‍മോര്‍ പറഞ്ഞു. ഇത് വളരെ പ്രധാനപ്പെട്ട കടമയാണെന്ന് സുനിത വില്യംസും പ്രതികരിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും തമ്മിലുള്ള പോരാട്ടത്തില്‍ നവംബര്‍ അഞ്ചിനാണ് വിധിയെഴുത്ത്. ബോയിങ് സ്റ്റാര്‍ലൈനര്‍ തകര്‍ച്ചയെത്തുടര്‍ന്ന് ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസും, സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറും കഴിഞ്ഞ ദിവസം വീഡിയോ പത്രസമ്മേളനം നടത്തിയിരുന്നു.
ഉടന്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് പരിഭ്രാന്തി ഉണ്ടായിരുന്നുവെങ്കിലും ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ് അറിയിച്ചു. ബഹിരാകാശത്ത് തുടരാനുള്ള തീരുമാനത്തില്‍ താന്‍ നിരാശനല്ലെന്ന് ബുച്ച് വില്‍മോറും പറഞ്ഞു.
ഇരുവര്‍ക്കും ഫെബ്രുവരിയിലേ തിരിച്ചുവരാനാകൂവെന്നും നാസ അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം. അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്.