ലെബനൻ: ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കൽ ഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈൽ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുല്ല ലോജിസ്റ്റിക്സിൻ്റെയും അതിൻ്റെ വിവിധ യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിച്ചത് സുഹൈൽ ഹുസൈൻ ഹുസൈനിയായിരുന്നു. ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലിലും ഹുസൈനി അംഗമായിരുന്നു.
ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഹുസൈനി. കൂടാതെ ഈ ആയുധങ്ങളുടെ വിതരണത്തിന് മേൽനോട്ടം വഹിക്കുക, ഹിസ്ബുല്ലയുടെ യൂണിറ്റുകൾക്കിടയിൽ അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഹുസൈനിയ്ക്കായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങൾ, മറ്റ് പ്രത്യേക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ ഏറ്റവും സെൻസിറ്റീവായ പ്രോജക്റ്റുകളുടെ സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ഹുസൈനിയായിരുന്നു. ഇസ്രായേലിനെതിരെ ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുള്ള ഭീകരാക്രമണങ്ങളെ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രായേൽ അവകാശപ്പെട്ടു.