ഇറാനില്‍ അതിശക്തമായ ആക്രമണം ;ഇസ്രയേലിനെ ചെറുത്ത് ഇറാൻ

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍, ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തിയത്. എന്നാല്‍, പ്രതീക്ഷിച്ച നാശം വിതയ്ക്കാന്‍ ഇസ്രയേലിന്റെ ആക്രമണത്തിനു സാധിച്ചിട്ടില്ല.

author-image
Rajesh T L
New Update
ii

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍, ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തിയത്. എന്നാല്‍, പ്രതീക്ഷിച്ച നാശം വിതയ്ക്കാന്‍ ഇസ്രയേലിന്റെ ആക്രമണത്തിനു സാധിച്ചിട്ടില്ല. ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ ചെറുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. 

തലസ്ഥാനമായ തെഹ്റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യയായ ഇലാം, വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍, ആക്രമണ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഇസ്രയേലിനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചു, ഇറാന്റെ ഈ മാറ്റം. 

ഇറാന്‍ പഴയ ഇറാനല്ല. ഇക്കാര്യം ഉറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായ ഇസ്രയേല്‍ ആക്രമണം. ഇത് ഇസ്രായേലിനെ മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള ഇസ്രയേലിനെ പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതാണ്. 

ഇസ്രായേലിന്റെ ആക്രമണത്തെ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇറാന്റെ എയര്‍ ഡിഫന്‍സ് കമാന്‍ഡ് ആക്രമണ ശേഷം അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടാക്കിയതെന്നും ഇറാന്‍ വ്യക്തമാക്കി. അതിനര്‍ത്ഥം ഇസ്രയേലിനെയും അമേരിക്കയും വെല്ലുവിളിക്കാന്‍ പോന്ന ശക്തിയായി ഇറാന്‍ വളര്‍ന്നുകഴിഞ്ഞു. ആക്രമണങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുമ്പോള്‍, ഇസ്രയേലിന്റെയും അമേരിക്കയുടെയുമൊക്കെ ആത്മവിശ്വാസം കൂടിയാണ് തകരുന്നത്. 

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ച 2.15 നാണ് തെഹ്റാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സ്ഫോടന ശബ്ദങ്ങള്‍ ഉണ്ടായത്. ഇറാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം കൊണ്ട് ഇസ്രായേലിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു. 

ഇസ്രായേലിന്റെ കരുത്തായി എടുത്തുകാട്ടുന്നത് പ്രതിരോധ സംവിധാനങ്ങളാണ്. ഇവയ്ക്ക് സമാനമായി ഇറാനും സ്വയം പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. വര്‍ഷങ്ങളെടുത്താണ് ഈ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, വിദേശരാജ്യങ്ങള്‍ നല്‍കിയ പ്രതിരോധ സംവിധാനങ്ങളുമുണ്ട്. 

റഷ്യ നിര്‍മിച്ച് നല്‍കിയ എസ്-200, എസ്-300, അമേരിക്കയുടെ യുഎസ് എംഐഎം-23 ഹോക്ക്, എച്ച്ക്യു-2ജെ, ഖൊര്‍ദാദ്-15, ചൈനീസ് നിര്‍മിത സിഎച്ച്-എസ്എ4 തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളും ഇറാന്റെ കൈവശമുണ്ട്.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് അര്‍മാന്‍. 180 കിലോമീറ്റര്‍ പരിധിയില്‍ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും. കൂടാതെ 120-180 കിലോമീറ്റര്‍ പരിധിയില്‍ ഒരേസമയം ആറ് ലക്ഷ്യങ്ങളെ ചെറുക്കാനും കഴിയും. 

ബവാര്‍ 373 ദീര്‍ഘദൂരവും ഉയരത്തിലുമുള്ള മിസൈലുകള്‍, ഡ്രോണുകള്‍, വിമാനങ്ങള്‍ എന്നിവയെ കണ്ടെത്താനും തടസ്സപ്പെടുത്താനും ശേഷിയുള്ള സംവിധാനമാണ്. യൂറോപ്യന്‍ രാജ്യമായ ബെലാറസിലാണ് ഇതിന്റെ രൂപകല്‍പ്പനയും നിര്‍മണവും. 

ഒരേസമയം 100 ആക്രമണങ്ങളെ കണ്ടെത്താനും മിസൈലുകള്‍ ഉപയോഗിച്ച് പ്രതിരോധിക്കാനും ഇതിന് കഴിയും. 300 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. കൂടാതെ 120 കിലോമീറ്റര്‍ ഉയരത്തില്‍ എത്താനുമാകും.

എഡി-120 ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ച കൂടുതല്‍ റേഞ്ചുള്ള പ്രതിരോധ സംവിധാനമാണ്. ആധുനിക വിമാനങ്ങള്‍, യുഎവികള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയെയല്ലാം ഇതിന് പ്രതിരോധിക്കാന്‍ സാധിക്കും. 

ഏഴ് കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ റേഞ്ച്. ഇതിന് പരമാവധി 27 കിലോമീറ്റര്‍ ഉയരത്തില്‍ എത്താന്‍ സാധിക്കും. 

ഹ്രസ്വദൂര, താഴ്ന്ന ഉയരത്തിലുള്ള ഭൂതല എയര്‍ മിസൈലാണ് അസരാഖ്ഷ്. 50 കിലോമീറ്റര്‍ ദൂരപരിധി വരെയുള്ള ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും അവയെ തകര്‍ക്കാനും ഇതിന് കഴിയും. നാല് റെഡി ടു ഫയര്‍ മിസൈലുകള്‍ ഇതില്‍ എപ്പോഴുമുണ്ടാവും. പരമാവധി 10 കിലോമീറ്ററാണ് ഇതിന്റെ പരിധി.

ഇന്‍ഫ്രാറെഡ്, റഡാര്‍, ഇലക്ട്രോ ഒപ്റ്റിക് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ശത്രുവിന്റെ ലക്ഷ്യങ്ങളെ കണ്ടെത്തുന്നത്. മാത്രമല്ല വാഹനങ്ങളില്‍ ഘടിപ്പിക്കാനും സാധിക്കും.

സൗബിന്‍ ഇറാന്റെ മറ്റൊരു ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനമാണ്. ഡ്രോണ്‍, താഴ്ന്ന നിലയില്‍ വരുന്ന ക്രൂയിസ് മിസൈലുകള്‍ എന്നിവ പ്രതിരോധിക്കുന്നതിന് ശേഷിയുണ്ട്. ഒരേ സമയം 100 ലക്ഷ്യങ്ങള്‍ കണ്ടെത്താനും എട്ട് മിസൈലുകള്‍ ഒരുമിച്ച് അയക്കാനും കഴിയും. 30 കിലോമീറ്റര്‍ ദൂരപരിധിയില്‍ ലക്ഷ്യം കണ്ടെത്താനും 20 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആക്രമിക്കാനും കഴിയും.

iran israel airstrike iran israel conflict iran israel war news