കൊളംബോ: പുതിയ പ്രസിഡന്റ് ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വോട്ടെടുപ്പ് ആരംഭിച്ചു. സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ അനുര ദിസനായകെയ്ക്ക് നിർണായകമാണ് പാർലമെന്റ് തിരഞ്ഞെടുപ്പ്. ദിസനായകെ സർക്കാരിന് സ്ഥിരത ഉറപ്പാക്കാൻ പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം വേണം. ഇതിന് 225 അംഗ സഭയിൽ 113 പേരുടെ പേരുടെ പിന്തുണയാണ് വേണ്ടത്. രാജ്യത്ത് ദിസനായകെ വാഗ്ദാനം ചെയ്തിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ളവ നടപ്പാക്കാനും മൂന്നിലൊന്ന് ഭൂരിപക്ഷം ആവശ്യമാണ്.
കഴിഞ്ഞ പാർലമെന്റിൽ ദിസനായകെയുടെ പാർട്ടിയായ ജന വിമുക്തി പെരമുന (ജെവിപി) ഉൾപ്പെടുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യത്തിന് 3 സീറ്റു മാത്രമാണുണ്ടായിരുന്നത്. ഇക്കാരണത്താൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ സെപ്റ്റംബർ 24ന് ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് അരങ്ങൊരുക്കിയിരുന്നു.
വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ജെവിപി വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനങ്ങൾ. 1.71 കോടി വോട്ടർമാരാണ് വോട്ടു രേഖപ്പെടുത്തുന്നത്. 22 മണ്ഡലങ്ങളിൽ നിന്നായി 196 പേരെയാണ് ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുക. ബാക്കിയുള്ള 29 സീറ്റ്, ലഭിച്ച ആകെ വോട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് വീതിച്ചു നൽകും. 8,800 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും.
2022ലെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പാണ് വ്യാഴാഴ്ചത്തേത്. രാജ്യത്തെ കരകയറ്റാൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ രാജ്യാന്തര നാണയനിധിയുമായി (ഐഎംഎഫ്) ചർച്ച നടത്തിയിരുന്ന 290 കോടി ഡോളറിന്റെ വായ്പാപദ്ധതിയിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് ദിസനായകെ വാഗ്ദാനം നൽകിയിരുന്നതെങ്കിലും വിക്രമസിംഗെയുടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനും പാർലമെന്റിന്റെ സമ്മതം ആവശ്യമുണ്ട്.