ജറുസലം : ഇസ്രയേല്‍ ശരിക്കും ഇറാനെ ഭയക്കുന്നുണ്ടോ. ഇറാന്റെ തിരിച്ചടികളില്‍ പതറുന്നുണ്ടോ ഈ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. ഇറാന്‍ നടത്തുന്ന ഓരോ അടിക്കും വാക്ക് കൊണ്ടും ആക്രമണം കൊണ്ടും ഇരട്ടിയായി തിരികെ നല്‍കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളാണ് ഈ ചോദ്യത്തെ പലപ്പോഴും പിടിച്ച് കെട്ടിയിരുന്നത്.
എന്നാല്‍ ഇസ്രയേല്‍ ഭയത്തിന്റെ നിഴലിലില്‍ ആണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇറാന്റെ ആക്രമണം ഭയന്ന് മകന്റെ വിവാഹം മാറ്റിവച്ചതിന് പിന്നാലെ ഭരണപ്രവര്‍ത്തനങ്ങള്‍ ഭൂഗര്‍ഭ അറയിലേക്ക് ബെഞ്ചമിന്‍ നെതന്യാഹു മാറ്റിയിരിക്കുകയാണ്. സ്വന്തം രാജ്യത്ത് തന്നെ സുരക്ഷിതനല്ലെന്ന ഭയമാണ് ഇപ്പോള്‍ പ്രധാനമന്ത്രിയ്ക്കുള്ളതെന്ന് വിദേശ മാധ്യമങ്ങളും പറയുന്നു. ഇസ്രയേലി തന്നെ നെതനാഹുവിനെ കൊല്ലുമെന്ന ഹിസ്ബുള്ള നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെ ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഇസ്രായേല്‍ ദമ്പതികളെ ഇസ്രയേല്‍ പോലീസ് അറസ്റ്റ് ചെയ്തതും ഭയത്തിന്റെ ആക്കം കൂട്ടിയെന്ന് വേണം കരുതാന്‍.
ടെഹ്‌റാനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഗ്രൂപ്പുകളിലെ ആളുകളെയും ഇസ്രയേല്‍ പോലീസ് പിടിച്ചിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രായേലികളെ റിക്രൂട്ട് ചെയ്യാനുള്ള ഇറാന്റെ ശ്രമങ്ങള്‍ പരാജയപ്പെടുത്തും. പിടിക്കപ്പെട്ട ദമ്പതികള്‍ ഇസ്രയേലിന്റെ മൊസാദ് ചാര ഏജന്‍സിയുടെ ആസ്ഥാനത്തിന്റെ വിശദാംശങ്ങളുള്ള സെന്‍സിറ്റീവ് സൈറ്റുകളില്‍ നിരീക്ഷണം നടത്തിയെന്നും ടെല്‍ അവീവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസില്‍ ജോലി ചെയ്യുന്ന ഒരു അക്കാദമിക് വിദഗ്ധനെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയെന്നും അവര്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് മന്ത്രിസഭാ യോഗങ്ങള്‍ സ്ഥിരമായി ഒരിടത്തായിരിക്കില്ല നടക്കുക എന്ന നിര്‍ദേശം ഇസ്രയേല്‍ മന്ത്രിസഭാ അംഗങ്ങള്‍ക്ക് ലഭിച്ചത്. ഒക്ടോബര്‍ 28 മുതലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ വന്നത്. ഒക്ടോബര്‍ 28ന് രാവിലെ കാബിനറ്റ് യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ്, യോഗസ്ഥലം മാറ്റിയ വിവരം മന്ത്രിമാരെ അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുമെന്നറിയിച്ച യോഗം ഭൂഗര്‍ഭ ഹാളിലാണ് പിന്നീട് നടന്നിരുന്നത്. പുതിയ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഈ രണ്ട് വിഷയങ്ങളും നിലനില്‍ക്കെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കൂടി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഇസ്രയേല്‍ ഭയത്തിന്റെ നിഴലിലേക്ക് മാറുകയാണെന്ന് വേണം പറയാന്‍. വ്യക്തമായ ദിശയില്ലാതെയാണ് ഇസ്രായേലിന്റെ യുദ്ധതന്ത്രം മുന്നോട്ടുപോകുന്നതെന്നാണ് ഗാലന്റ് വിമര്‍ശിച്ചിരിക്കുന്നത്. ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകള്‍ എഴുത്തില്‍ പങ്കുവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലിനുള്ള ഭീഷണികള്‍ വിപുലമാകുകയാണ്. യുദ്ധലക്ഷ്യങ്ങള്‍ക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങള്‍ പിഴയ്ക്കാനുമിടയാക്കുമെന്നും ഗാലന്റ് ചൂണ്ടിക്കാട്ടി.യുദ്ധത്തില്‍ ദൃഢമായ അതിര്‍രേഖകളും പുതുക്കിയ ലക്ഷ്യങ്ങളും നിര്‍ണയിക്കാതെ മുന്നോട്ടുപോകുന്നത് സൈനിക നടപടിയെയും കാബിനറ്റ് തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂര്‍ച്ഛിക്കുന്ന സംഘര്‍ഷാവസ്ഥ ബഹുതലങ്ങളില്‍നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.