ലണ്ടന്‍: ബ്രിട്ടനിലെ തീരദേശപട്ടണമായ സൗത്ത്‌പോര്‍ട്ടില്‍ കുട്ടികളുടെ നൃത്തപരിശീലന ക്യാംപില്‍ കത്തിയാക്രമണം. പ്രതിയായ പതിനേഴുകാരനെതിരെ കൊലക്കുറ്റം ചുമത്തി. വെയ്ല്‍സില്‍ ജനിച്ചയാളാണ് അക്രമിയെന്നും ഇയാള്‍ക്കു ഭീകരപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 6നും 9നും ഇടയില്‍ പ്രായമുള്ള 3 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. 8 കുട്ടികള്‍ക്കും 2 പരിശീലകര്‍ക്കും പരുക്കേറ്റു. ഇവരില്‍ 5 പേരുടെ നില ഗുരുതരമായി തുടരുന്നു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങളില്‍ അന്‍പതിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ആക്രമണം നടത്തിയ നൂറിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിക്കു വെളിയില്‍ ആയിരക്കണക്കിനാളുകള്‍ കുടിയേറ്റവിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രക്ഷോഭം നടത്തിയിരുന്നു.
ഇതേസമയം, ഈ മാസം 7ന് 18 തികയുന്ന അക്രമി വെയ്ല്‍സില്‍ ജനിച്ച അക്‌സെല്‍ മുഗാന്‍വ റുഡകുബാനയാണെന്ന് ലിവര്‍പൂള്‍ സിറ്റി മജിസ്‌ട്രേട്ട് കോടതി ജഡ്ജി ആന്‍ഡ്രൂ മെനാറി അറിയിച്ചു. സംഭവത്തെപ്പറ്റി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാനുള്ള നടപടിയുടെ ഭാഗമായാണ് നിലവിലെ നിയമത്തില്‍ ഇളവു വരുത്തി പേരു പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 25നാണ് കേസ് ഇനി പരിഗണിക്കുക.