ഇസ്രയേല്‍ എയര്‍ സ്‌ട്രൈക്കിലല്ല സിന്‍വര്‍ കൊല്ലപ്പെട്ടത്; തിരിച്ചടിയായി വീഡിയോ

ഹമാസ് മേധാവി യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു. ലോകം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. മുമ്പ് പല തവണ സിന്‍വര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

author-image
Rajesh T L
New Update
rew

ഹമാസ് മേധാവി യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു. ലോകം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. മുമ്പ് പല തവണ സിന്‍വര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അമ്പരപ്പിച്ചുകൊണ്ട് വീണ്ടും ജീവനോടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഇത് സംഭവിച്ചിരുന്നു.

സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിന്‍വര്‍ പ്രത്യക്ഷപ്പെട്ടു. മാത്രമല്ല, ഗസ വെടിനിര്‍ത്തലിന് ഇടനിലക്കാരായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തു.

ഇതുകൊണ്ടുതന്നെ, ഇത്തവണ വളരെ ശ്രദ്ധയോടെയാണ് ഇസ്രയേല്‍ സിന്‍വറിന്റെ മരണം പുറത്തുവിട്ടത്. മാത്രമല്ല, ഡിഎന്‍എ പരിശോധന നടത്തി, മൃതദേഹം സിന്‍വറിന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിടുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് ഇസ്രയേലിന് തിരിച്ചടിയായിരിക്കുന്നത്.

ഇസ്രയേല്‍ അവകാശപ്പെടുന്നത് പോലെ ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സിന്റെ വ്യോമാക്രമണത്തിലല്ല സിന്‍വര്‍ കൊല്ലപ്പെട്ടത്.

ഹമാസ് പോരാളികള്‍ ഉണ്ടെന്ന സംശയത്തിലാണ് ഐഡിഎഫ് കെട്ടിടത്തിനെ ആക്രമിച്ചത്. മറ്റു ഹമാസ് മേധാവികളും ഉന്നതരും കൊല്ലപ്പെട്ടത് പോലെ കൃത്യമായി പ്ലാനിംഗിനു ശേഷമല്ല സിന്‍വറിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മൂന്നു ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു. അവരില്‍ ഒരാള്‍ സിന്‍വറായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. തങ്ങള്‍ ആക്രമിക്കുന്നത് സിന്‍വറിനെയാണെന്ന് ഇസ്രയേല്‍ സൈന്യത്തിന് അറിയില്ലായിരുന്നു.

സിന്‍വറിന്റെ മരണത്തിനു ശേഷം ഇസ്രയേല്‍ പുറത്തുവിട്ട ഫൂട്ടേജിലാണ് പുതിയ വിവരങ്ങളുള്ളത്. ഒക്ടോബര്‍ 16 ന് ഗസയിലെ റഫയില്‍ നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. മൂന്നു ഹമാസ് പോരാളികള്‍ മറഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കിയ കെട്ടിടത്തിലേക്ക് ഐഡിഎഫ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനു ശേഷമാണ് ഐഡിഎഫ് മനസ്സിലാക്കിയത്, കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിന്‍വറാണെന്ന്.

ഇപ്പോള്‍ ഐഡിഎഫ് മുന്‍ പ്രസ്താവന തിരുത്തുകയാണ്. വ്യോമാക്രമണത്തിലല്ല സിന്‍വര്‍ കൊല്ലപ്പെട്ടത്. ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം, സിന്‍വറിന്റെ മരണം ടാങ്കില്‍ നിന്നുള്ള വെടിയേറ്റാണെന്ന്. രണ്ട് അംഗരക്ഷകരുമായി മുന്നോട്ടുനീങ്ങിയ സിന്‍വര്‍ കൊല്ലപ്പെട്ടത് ടാങ്കില്‍ നിന്നുള്ള വെടിയേറ്റാണ്. ഐഡിഎഫ് മുന്‍ പ്രസ്താവന തിരുത്തുകയും ചെയ്തിട്ടുണ്ട്. പിന്നീട് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ മൂന്നു മൃതദേഹങ്ങള്‍ ഐഡിഎഫ് കണ്ടെത്തി. പരിശോധനയിലാണ് അതിലൊന്നു സിന്‍വറാണെന്നു മനസ്സിലായത്.

ഗസയിലെ റഫയില്‍ തകര്‍ന്ന ഒരു കെട്ടിടത്തിലേക്ക് ഡ്രോണ്‍ പ്രവേശിക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കം. ഇസ്രയേലിന്റെ ഡ്രോണ്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചയുടന്‍ സിന്‍വറിനെ കാണുന്നു. ഒരു വടിയും പിടിച്ച് മാസ്‌ക് ധരിച്ച് കസേരയില്‍ ഇരിക്കുന്ന സിന്‍വറിനെ ദൃശ്യത്തില്‍ കാണാം. സെക്കന്റുകള്‍ക്ക് ശേഷം ഐഡിഎഫിന്റെ ഡ്രോണിനു നേരെ സിന്‍വര്‍ വടി എറിയുന്നതും ദൃശ്യത്തിലുണ്ട്.

സിന്‍വര്‍ തുരങ്കത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്നായിരുന്നു ഇസ്രയേല്‍ പറഞ്ഞിരുന്നത്. എന്നാല്‍, സിന്‍വാര്‍ കൊല്ലപ്പെട്ടത് ഒരു കെട്ടിടത്തിനുള്ളില്‍ വച്ചാണ്. മാത്രമല്ല, കനത്ത പോരാട്ടത്തിനൊടുവിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഇതും ഇസ്രയേലിന് തിരിച്ചടിയാണ്.

ഒരു സിന്‍വര്‍ കൊല്ലപ്പെട്ടാല്‍ നൂറ് സിന്‍വര്‍മാര്‍ പുതുതായി വരും. ചരിത്രം അതാണ് പറയുന്നത്. സൈനിക നടപടികളിലൂടെ ലോകത്ത് ഒരു സംഘര്‍ഷവും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

സിന്‍വറിന്റെ അവസാന നിമിഷങ്ങള്‍ കാണുന്ന പലസ്തീന്‍ ജനതയുടെ മനസ്സില്‍ ഇസ്രയേലിനോടുള്ള പക വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഫലത്തില്‍ ഇസ്രയേല്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോകുകയാണ്.

israel and hamas conflict israel airstrike yahiya sinwar