ഒടുവില്‍ ഹമാസ് സ്ഥിരീകരിച്ചു, യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ മാസ്റ്റര്‍ ബ്രെയിനായ മേധാവിയെയാണ് ഹമാസിന് നഷ്ടമായത്. സിന്‍വറിന്റെ മരണം ഗസയിലെ ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് ഖലീല്‍ അല്‍-ഹയ്യയാണ് സ്ഥിരീകരിച്ചത്.
വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസ് സിന്‍വറിന്റെ മരണം അറിയിച്ചത്. യഹ്യ സിന്‍വര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു. ഇങ്ങനെയാണ് വിഡിയോ സന്ദേശത്തില്‍ ഖലീല്‍ അല്‍ ഹയ്യ പറഞ്ഞത്.
ഹമാസിന്റെ ഉന്നതരെയെല്ലാം ഹമാസ് വകവരുത്തി. ഹമാസിന് ഇനിയെന്തു സംഭവിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. സിന്‍വറിന്റെ മരണ ശേഷവും നിലപാടില്‍ മാറ്റംവരുത്തിയിട്ടില്ല. അതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും വീഡിയോയില്‍ ഖലീല്‍ പറയുന്നുണ്ട്.
ഉന്നത നേതാക്കളെ കൊലപ്പെടുത്തി, ഹമാസിനെയും ഹിസ്ബുള്ളയെയും പോലെയുള്ള വിമത ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. സൈനിക നടപടികളിലൂടെ മാത്രം ലോകത്ത് ഇതുവരെയും ഒരു പോരാട്ടവും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് പോലെ നിരപരാധികളെ കൂട്ടക്കൊല ചെയ്യാം എന്നു മാത്രം. ഒരു സിന്‍വര്‍ പോയാല്‍ ആയിരം സിന്‍വര്‍മാര്‍ വരും. ചരിത്രം അതാണ് പറയുന്നത്. അവസാന നിമിഷം വരെയും പോരാടിയാണ് സിന്‍വര്‍ മരിച്ചത്. ഇതിന്റെ വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. ഇത് പലസ്തീന്‍കാരുടെ മനസ്സില്‍ എന്തുവികാരമാണ് നിറയ്ക്കുക? ഇസ്രയേലിനോടും സഖ്യ രാജ്യങ്ങളോടുമുള്ള പക വര്‍ദ്ധിക്കുകയേ ഉള്ളൂ.
ആക്രമണം, അത് ഹമാസ് നടത്തിയാലും ഇസ്രയേല്‍ നടത്തിയാലും ആക്രമണം തന്നെയാണ്. കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് പോകാതെ രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സിന്‍വറിന്റെ മരണത്തോടെ വെടിനില്‍ത്തല്‍ കരാറുമായി ഇനി ഹമാസ് സഹകരിക്കില്ല എന്നത് ഉറപ്പാണ്. ഫലത്തില്‍ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്.
ഗസയിലെ മനുഷ്യര്‍ പട്ടിണിയിലും ദുരിതത്തിലും നരകയാതനയാണ് അനുഭവിക്കുന്നത്. പരുക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികള്‍ പോലും ഇല്ലാത്ത അവസ്ഥ. ഹമാസിനും ഇസ്രയേലിനും ഇടയില്‍ ഞെരിഞ്ഞില്ലാതാകുന്നത് ഈ പാവം നിരപരാധികളുടെ ജീവിതമാണ്. അതിനൊരു പരിഹാരമാണ് വേണ്ടത്.
സിന്‍വറിന്റെ മരണത്തിനു പിന്നാലെ ഇറാന്‍ രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു. ഇനി ഇസ്രയേലുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇനി ചര്‍ച്ചയില്ല തിരിച്ചടി മാത്രം എന്നും ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലബനനിലും ഇസ്രയേല്‍ പോരാട്ടം തുടരുന്നു. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്. ഹൂതികളും രംഗത്തുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേലിനെതിരെ ആക്രമണമുണ്ടായി. രണ്ട് ആയുധധാരികള്‍ ഇസ്രയേല്‍ സൈന്യത്തിനു വേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.
ഗാസയില്‍ ഏറ്റുമുട്ടലില്‍ 3 പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ആദ്യം ഇസ്രയേല്‍ പറഞ്ഞത്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെ കൊല്ലപ്പെട്ടത് യഹ്യ തന്നെയാണെന്ന് പിന്നീട് ഇസ്രയേല്‍ സ്ഥിരീകരിച്ചു.
യഹ്യയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്സ് പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടപ്പോഴായിരുന്നു യഹ്യ സിന്‍വര്‍ ഹമാസ് തലവനായത്.