സിന്‍വര്‍ ഇനി തിരിച്ചുവരില്ല; ഹമാസിന്റെ ആസൂത്രകന്‍ കൊല്ലപ്പെട്ടത് അപ്രതീക്ഷിത ആക്രമണത്തില്‍

ഒടുവില്‍ അത് സ്ഥിരീകരിച്ചു. ഹമാസ് മേധാവി യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഹമാസിന്റെ ഉന്നതനേതാവ് കൊല്ലപ്പെട്ടത്.

author-image
Rajesh T L
New Update
sinvar

ഒടുവില്‍ അത് സ്ഥിരീകരിച്ചു. ഹമാസ് മേധാവി യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഹമാസിന്റെ ഉന്നതനേതാവ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് യഹൃ സിന്‍വര്‍ ആണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്. 

സിന്‍വര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന ഹമാസ് കേന്ദ്രങ്ങളും നല്‍കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പാണ് ഹമാസ് മേധാവിയായിരുന്ന ഇസ്മയില്‍ ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഇതോടെ ഹമാസിന്റെ ഉന്നത നേതൃനിരയെ അപ്പാടെ ഇസ്രയേല്‍ കൊലപ്പെടുത്തി. 

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന സിന്‍വറിന്റെ മൃതദേഹത്തിന്റെ ഫോട്ടോയും വിഡിയോയും ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. 

2023 ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സിന്‍വറായിരുന്നു. ജൂലൈയില്‍ ടെഹ്‌റാനില്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ട ശേഷമാണ് സംഘടനയുടെ മേധാവിയായത്. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഗാസയില്‍ നിന്നു ഹമാസിനെ നയിച്ചിരുന്നത് യഹ്യ സിന്‍വറായിരുന്നു.

ഒക്ടോബര്‍ 7നു ശേഷം ബന്ദികള്‍ക്കൊപ്പം ഒരു ഭൂഗര്‍ഭകേന്ദ്രത്തില്‍ നിന്നു മറ്റൊന്നിലേക്കു മാറിക്കൊണ്ടിരിക്കുകയാണ് സിന്‍വറെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല്ലപ്പെടുമ്പോള്‍ ഇസ്രയേല്‍ ബന്ദികളാരും ഒപ്പമുണ്ടായിരുന്നില്ല. 

ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്‌റല്ല കഴിഞ്ഞ മാസമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

സിന്‍വറിന്റെ മരണം ആശങ്കയോടെയാണ് ലോകം കാണുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷ യുദ്ധത്തിലേക്ക് മാറിയേക്കാം എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു. 

ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാന്‍ രംഗത്തുവന്നിട്ടുണ്ട്. ഹമാസ് മേധാവിയായിരുന്ന ഹനിയയെ കൊലപ്പെടുത്തിയത് ഇറാനിലെ തെഹ്‌റാനില്‍ വച്ചായിരുന്നു. 

സിന്‍വറിന്റെ കൊലപാതകത്തിനു പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്തും എന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. പലസ്തീന്‍ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനില്‍ക്കുന്നിടത്തോളം കാലം, പ്രതിരോധവും നിലനില്‍ക്കും. രക്തസാക്ഷികള്‍ മരിക്കുന്നില്ല, അവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാന്‍ പറയുന്നു.

vaar

തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം രംഗത്തെത്തി. സമാധാനത്തിനോ ചര്‍ച്ചയ്ക്കോ ഇനി ഇടമില്ലെന്നാണ് ഇറാന്‍ സൈന്യം എക്‌സില്‍ കുറിച്ചത്. നമ്മള്‍ വിജയം നേടും അല്ലെങ്കില്‍ മറ്റൊരു കര്‍ബല സംഭവിക്കും. യഹ്യ സിന്‍വറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് പങ്കുവച്ച എക്‌സ് പോസ്റ്റിലൂടെ ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. 

അതിനിടെ, യഹ്യ സിന്‍വര്‍ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങള്‍ക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളില്‍ ഹമാസ് ഉന്നതരെ ഇസ്രയേല്‍ ഇല്ലാതാക്കിയിരുന്നത്. 

എന്നാല്‍, ഇസ്രയേലിന്റെ ചാരക്കണ്ണുകള്‍ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവര്‍ഷം സിന്‍വര്‍ യുദ്ധഭൂമിയില്‍ കഴിഞ്ഞത്. സിന്‍വറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഹമാസിന്റെ അടുത്ത നീക്കം എന്താകുമെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.

ഗസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ സിന്‍വറാണെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നുമാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പറഞ്ഞത്. .

ഈ ഘട്ടത്തില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നു പറയാനാവില്ല എന്നാണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചത്. മൂന്നു പേര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയ കെട്ടിടത്തില്‍ ഇസ്രയേല്‍  ബന്ദികള്‍ ഉണ്ടായിരുന്നില്ലെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കിയിരുന്നു.

സിന്‍വറിന്റെ മരണവുമായി ബന്ധപ്പെട്ട ഇസ്രയേല്‍ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഹമാസ് വിവരങ്ങള്‍ അറിയിക്കുമെന്നുമാണ് ഹമാസ് ബന്ധമുള്ള അല്‍ മജദ് വെബ്സൈറ്റ് അറിയിച്ചത്. പലസ്തീനികളെ മാനസികമായ തകര്‍ക്കാനാണ് ഇസ്രയേല്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും വെബ്സൈറ്റ് പറഞ്ഞു. 

iran

തെക്കന്‍ ഗാസയിലെ റഫ നഗരത്തില്‍ നടത്തിയ  കരയാക്രമണത്തിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും അവരില്‍ ഒരാള്‍ സിന്‍വറാണെന്നും സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം എടുത്തിട്ടുണ്ടെന്നും മരിച്ചവരെ തിരിച്ചറിയാനായി ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കുമെന്നും സൈന്യം അറിയിച്ചു. ഇസ്രയേല്‍ ജയിലില്‍ തടവുകാരനായി കഴിയുമ്പോള്‍ സിന്‍വറിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. പിന്നീടാണ് സിന്‍വറിന്റെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചത്. 

നേരത്തെയും പലതവണ സിന്‍വര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പരന്നിരുന്നു. ഏറ്റവും ഒടുവില്‍ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സിന്‍വര്‍ നാടകീയമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഗസ വെടിനിര്‍ത്തലിനായി മധ്യസ്ഥരായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സിന്‍വര്‍ സന്ദേശം കൈമാറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

death israel hamas hamas commander iran attack yahiya sinwar