ജറുസലം : കൊല്ലപ്പെട്ട യഹ്യ സിൻവർ മരണപ്പെടുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. ടണലിനുള്ളിൽ നിന്നും സിൻവറും കുടുംബവും പുറത്തേക്ക് രക്ഷപെടുന്ന വിഡിയോയാണ് ഇസ്രായേൽ പുറത്തു വിട്ടത്. സിൻവറിനോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും രണ്ടുമക്കളും ടണലിലൂടെ വരുന്നത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ട വിഡിയോ ദൃശ്യത്തിൽ കാണാം.
മധ്യ ഗാസയിലെ ഖാന്‍ യൂനിസിലെ ടണലിലാണ് യഹ്യ സിന്‍വര്‍ കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ഒളിച്ചു താമസിച്ചതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി വെളിപ്പെടുത്തി.
ഗാസയിലെ ജനങ്ങള്‍ക്ക് പോലും കിട്ടാത്ത പ്രാധാന്യങ്ങളാണ് സിൻവറിന് ലഭിച്ചതെന്നും പണത്തിനും ഹമാസിലെ തീവ്രവാദികള്‍ക്കും വേണ്ടിയാണ് സിൻവർ മുൻഗണന നല്‍കുന്നതെന്നും ഹഗാരി ആരോപിച്ചു.ഇസ്രയേലിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഹമാസ് ഇസ്രയേലിനെതിരെ രംഗത്തെത്തി. കമാന്‍ഡര്‍ സിന്‍വറിനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും അപമാനിച്ച് ഇസ്രായേൽ എന്ന പരാജയ സൈന്യത്തിന്റെ മുഖം കാത്തു സൂക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്നാണ് ഹമാസ് ആരോപിച്ചത്.