തനിക്ക് നേരിട്ട ഒരു ദുരനുഭവത്തോടുള്ള പ്രശസ്ത പോപ് ഗായിക ഷക്കീറയുടെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ലോകത്ത് ചര്‍ച്ചയാവുകയാണ്. ഒരു ആരാധകനില്‍നിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടര്‍ന്ന് സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി വേദി വിട്ടിറങ്ങുകയായിരുന്ന അവര്‍.
ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സംഭവം അരങ്ങേറിയത്. ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗണ്‍ മിനി ഡ്രസ് ആയിരുന്നു ഷക്കീറ ധരിച്ചിരുന്നത്.
പുതിയ ഗാനമായ സോള്‍ട്ടെറായ്‌ക്കൊപ്പം വേദിയില്‍ നൃത്തംചെയ്യുകയായിരുന്നു ഗായിക. അപ്പോഴാണ് മുന്‍നിരയിലുണ്ടായിരുന്ന ഒരു ആരാധകന്‍ തന്റെ വസ്ത്രത്തിനിടയിലൂടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നത് ഷക്കീറയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരത്തില്‍ ചെയ്യരുതെന്ന് താക്കീത് ചെയ്തശേഷം അവര്‍ നൃത്തം തുടര്‍ന്നു. എന്നാല്‍ അയാള്‍ വീണ്ടും സഭ്യമല്ലാത്ത രീതിയില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ടതോടെ ഗായിക പ്രകടനം നിര്‍ത്തി വേദി വിട്ടിറങ്ങുകയായിരുന്നു.
ഷക്കീറയ്ക്ക് നേരിട്ട ദുരനുഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായെത്തിയത്. സെലിബ്രിറ്റികള്‍ പോലും ആളുകളില്‍ നിന്ന് മോശം പെരുമാറ്റത്തിന് വിധേയരാകുന്ന ഒരു ലോകത്ത് സ്ത്രീകളുടെ സുരക്ഷയുടെ പ്രാധാന്യമാണ് പലരും കമന്റുകളായി പോസ്റ്റ് ചെയ്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ മാനസികമായി അസുഖം ബാധിച്ചവരാണെന്നും ചിലര്‍ കമന്റ് ചെയ്തു.
ഈ വര്‍ഷം മാര്‍ച്ചിലാണ് വിമെന്‍ ഡോണ്ട് െ്രെക എന്ന ആല്‍ബം ഷക്കീറ പുറത്തിറക്കിയത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ അവര്‍ പുറത്തിറക്കിയ ആല്‍ബമായിരുന്നു ഇത്. സ്പാനിഷ് ഫുട്‌ബോളര്‍ ജെറാര്‍ഡ് പിക്വേയുമായുള്ള വേര്‍പിരിയലിനുശേഷം ഇപ്പോള്‍ അമേരിക്കയിലാണ് ഷക്കീറ താമസിക്കുന്നത്.