യുഎഇ പൊതുമാപ്പ് തീരാന്‍ ഏഴുദിവസം; സമയപരിധി നീട്ടില്ലെന്ന് അധികൃതര്‍

ഏഴ് ദിവസത്തിനകം സ്റ്റാറ്റസ് ശരിപ്പെടുത്താത്ത നിയമലംഘകര്‍ക്ക് കനത്ത പിഴയും ഫീസും ചുമത്തുമെന്ന് യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വ്യക്തമാക്കി.

author-image
Prana
New Update
uae

യു.എ.ഇയില്‍ റെസിഡന്‍സി, വിസ ചട്ടം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാന്‍ അനുവദിച്ച സമയപരിധി ഒക്ടോബര്‍ 31ന് അവസാനിക്കും. ശേഷിക്കുന്ന ഏഴ് ദിവസത്തിനകം സ്റ്റാറ്റസ് ശരിപ്പെടുത്താത്ത നിയമലംഘകര്‍ക്ക് കനത്ത പിഴയും ഫീസും ചുമത്തുമെന്ന് യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വ്യക്തമാക്കി. അതേസമയം സമയപരിധി നീട്ടില്ലെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പൊതുമാപ്പില്‍ നിയമലംഘകരുടെ വ്യവസ്ഥകള്‍ തിരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തോടെ വിപുലമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. സമയപരിധിയില്‍ നിന്ന് നിരവധി റെസിഡന്‍സി, വിസ ലംഘകര്‍ ഈ അവസരം വിനിയോഗിച്ചു.
ഗ്രേസ് പിരീഡില്‍ സ്ഥിതിഗതികള്‍ ശരിയാക്കുന്നതില്‍ പരാജയപ്പെട്ട നിയമലംഘകരെ നിയന്ത്രിക്കാനും അവരുടെ പിഴകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാനും അടുത്ത നവംബര്‍ ഒന്ന് മുതല്‍ തീവ്രമായ പ്രചാരണങ്ങള്‍ നടക്കും. നിയമലംഘകര്‍ക്ക് സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ജോലി വാഗ്ദാനങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി. സമയപരിധിയുടെ ആദ്യ ആഴ്ചയില്‍ തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ച 88 ശതമാനം നിയമലംഘകരും രാജ്യത്ത് തുടരാനാണ് തിരഞ്ഞെടുത്തത്. രാജ്യം വിട്ട് തങ്ങളുടെ പദവി ഭേദഗതി ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ ശതമാനം 12 ആയിരുന്നു.
പൊതുമാപ്പ് കാലയളവില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 10,000 പ്രവാസികള്‍ ഇതുവരെ സഹായം തേടി. പൊതുമാപ്പ് നടപടികള്‍ ആരംഭിച്ച സെപ്തംബര്‍ ഒന്ന് മുതല്‍ നിയമലംഘകരായ പ്രവാസികളെ സഹായിക്കുന്നതിനായി വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അല്‍ അവീര്‍ സെന്ററിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതുവഴിയാണ് പൊതുമാപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനായി സഹായ സൗകര്യങ്ങള്‍ നല്‍കിയതെന്ന് കോണ്‍സുലേറ്റ് ബുധനാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
1,300 പാസ്‌പോര്‍ട്ടുകളും 1,700 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും കോണ്‍സുലേറ്റ് ഇതുവരെ അനുവദിച്ചു. കൂടാതെ 1,500ലധികം എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിനും വിവിധ തരത്തിലുള്ള ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങള്‍ നല്‍കി.

 

uae deadline violation