ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്യരാജ്യവിദ്വേഷം സൂക്ഷിക്കുന്നവരാണെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഇന്ത്യ. നാനാത്വത്തേ തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ചരിത്രം ആണ് ഇന്ത്യക്കുള്ളതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മറുപടി നല്‍കി.അമേരിക്കയുടെ സമ്പദ് വ്യവസ്ഥ വളരുന്നതിനു പിന്നിലെ പ്രധാന കാരണം അന്യരാജ്യക്കാരെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനാലാണെന്നും ചൈന സാമ്പത്തികമായി മുരടിക്കുന്നതും ജപ്പാന്‍ വലിയ രീതിയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതും ഇന്ത്യയും റഷ്യയും സമാനരീതിയിലൂടെ കടന്നു പോകുന്നതും അവര്‍ക്കുള്ളിലെ അന്യരാജ്യവിദ്വേഷമാണെന്നുമായിരുന്നു മെയ് രണ്ടിന് ഒരു പ്രചാരണത്തിനിടെ ബൈഡന്‍ ആരോപിച്ചത്.എന്നാല്‍ എല്ലാ ജനവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. അതിനാല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ഇന്ത്യയില്‍ എത്തുന്നുണ്ടെന്നുമാണ് ബൈഡന്റെ പരാമര്‍ശത്തിന് ജയശങ്കര്‍ മറുപടി നല്‍കിയത്.