മോസ്‌കോ: റഷ്യ - യുക്രെയിന്‍ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍ ആക്രമണവും യൂറോപ്യന്‍ യൂണിയന്‍ യുക്രെയിന് നല്‍കിയ ആയുധസഹായവുമൊക്കെ റഷ്യയെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തന്ത്രപ്രധാന അതിര്‍ത്തിയായ ക്രിമിയ പാലത്തില്‍ റഷ്യ 32,000 സൈനികരെ വിന്യസിക്കുകയും അത്യാധുനിക യുദ്ധോപകരണങ്ങളും ഡ്രോണുകളും വിന്യസിച്ചത്. റഷ്യ നടപടിയില്‍നിന്ന് പിന്മാറണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം തള്ളിയതിന് പിന്നാലെ ഫ്രാന്‍സും ബ്രിട്ടനുമെല്ലാം യുക്രെയിന് പിന്തുണയുമായിരംഗത്തെത്തിയിട്ടുണ്ട്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്.
ഈ സാഹചര്യത്തില്‍ റഷ്യ അവരുടെ അറ്റകൈ ആയുധം പുറത്തെടുത്താല്‍ ഇരുഭാഗത്തും വന്‍ നാശനഷ്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയ്ക്ക് അത്യാധുനിക ബോംബുകള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെയുണ്ട്. റഷ്യന്‍ ബോംബുകളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഫാദര്‍ ഓഫ് ഓള്‍ ബോംബ് എന്നറിയപ്പെടുന്ന ഫോബ് ബോംബ്. ആണവേതര ബോംബുകളില്‍ ഏറ്റവും കരുത്തുറ്റതും മാരകവും അതിവിനാശകാരിയുമാണ് ഇത്. 2007ലാണ് റഷ്യയില്‍ ഈ ബോംബ് വികസിപ്പിക്കപ്പെട്ടത്. അതിനു ശേഷം റഷ്യ ചില യുദ്ധങ്ങളില്‍ പങ്കെടുത്തെങ്കിലും ഇതുപയോഗിച്ചിരുന്നില്ല. തെര്‍മോബേറിക് ബോംബ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബോംബാണ് ഫോബ്. വളരെ ഉയര്‍ന്ന താപനിലയില്‍ സ്ഫോടനം നടക്കുന്നു എന്നതാണ് തെര്‍മോബേറിക് ബോംബുകളുടെ പ്രധാന സവിശേഷത.
ഇത്രയ്ക്കും ഉയര്‍ന്ന താപനില മൂലം ബോംബ് വിസ്ഫോടനം നടക്കുന്നതിന്റെ ചുറ്റിലുമുള്ള മനുഷ്യരുള്‍പ്പെടെ ജീവികളും മറ്റ് ജൈവ വസ്തുക്കളും ഞൊടിയിടയില്‍ ബാഷ്പമായി പോകും. എത്രത്തോളം വിനാശകാരിയാണ് ഈ ബോംബ് എന്നത് ഇതില്‍ നിന്നു മനസ്സിലാക്കാം. 2007ല്‍ ആയിരുന്നു ഈ ബോംബിന്റെ പരീക്ഷണം റഷ്യന്‍ സൈന്യം നടത്തിയത്. ഒരു ആണവ ബോംബ് വിസ്ഫോടനത്തിന്റെ അതേ വ്യാപ്തിയും ശേഷിയുമുള്ളതാണ് ഈ ബോംബിന്റെയും വിസ്ഫോടനം. എന്നാല്‍ ആണവായുധത്തിന്റെ പരിസ്ഥിതി, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഇതില്‍ നിന്നുണ്ടാകുകയുമില്ല.
അമേരിക്കയ്ക്ക് മാസീവ് ഓര്‍ഡിനന്‍സ് എയര്‍ ബ്ലാസ്റ്റ് എന്ന പേരില്‍ അതീവ ശേഷിയുള്ള ഒരു ബോംബുണ്ട്. യുഎസിന്റെ ആണവേതര ആയുധപ്പുരയിലെ ഏറ്റവും കരുത്തുറ്റ ബോംബായ ഇതിനെ മദര്‍ ഓഫ് ഓള്‍ ബോംബ് എന്നും വിളിക്കാറുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഫോബിന് ഫാദര്‍ ഓഫ് ഓള്‍ ബോംബ് എന്ന പേരു കിട്ടിയത്. എംഒഎബിയെക്കാള്‍ ശേഷിയേറിയതാണ് ഫോബെന്നുള്ളത് ഏറെക്കുറെ തര്‍ക്കങ്ങളില്ലാത്ത കാര്യമാണ്. റഷ്യയ്ക്ക് തെര്‍മോബേറിക് ബോംബുകളുണ്ടാക്കുന്നതില്‍ സാങ്കേതികപരമായ മേല്‍ക്കൈയുള്ളതാണ് ഇതിന് കാരണം.
അമേരിക്കന്‍ എംഒഎബിക്ക് 11 ടണ്‍ ടിഎന്‍ടി ശേഷിയാണ് കണക്കാക്കപ്പെടുന്നത്. ഇതേ സ്ഥാനത്ത് ഫോബിന്റേത് 44 ടണ്‍ ടിഎന്‍ടിയാണ്. എംഒഎബിയുടെ ശേഷിയുടെ നാലിരട്ടി ശേഷി. 7100 കിലോ ഭാരമുള്ള ഫോബ് എംഒഎബിയേക്കാള്‍ ഭാരം കുറഞ്ഞതാണ്. സ്ഫോടനത്തിന്റെ ആയിരം അടി വ്യാസത്തിലുള്ള സ്ഥലം പൂര്‍ണമായും നശിപ്പിക്കാനും ഫോബിന് കഴിയും. ശീതയുദ്ധകാലം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അവസാനിച്ചെങ്കിലും യുഎസും റഷ്യയും തമ്മിലുള്ള എതിര്‍ച്ചേരികള്‍ എന്നും തുടര്‍ന്നിരുന്നു. വ്ളാഡിമിര്‍ പുട്ടിന്‍ റഷ്യയുടെ സാരഥ്യമേറ്റതോടെ ഈ മത്സരം കടുത്തു. 2003ല്‍ യുഎസ് എംഒഎബി വികസിപ്പിച്ചതിന്റെ മറുപടിയായാണ് റഷ്യ 2007ല്‍ ഫോബ് വികസിപ്പിച്ചത്. റഷ്യ ഫോബ് ബോംബിനെ മറ്റൊരു രാജ്യത്തിനും നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.