സാത്താനെ പുറത്തെടുക്കാന്‍ റഷ്യ; ഭയന്നോടി അമേരിക്ക

പശ്ചിമേഷ്യയിലെ യുദ്ധം ഏറ്റവും വിനാശകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. വന്‍ശക്തികള്‍ ഓരോരുത്തരും ഇസ്രയേലിന്റെയും ഇറാന്റെയുമൊക്കെ പക്ഷം ചേര്‍ന്നത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്.

author-image
Rajesh T L
New Update
missile

പശ്ചിമേഷ്യയിലെ യുദ്ധം ഏറ്റവും വിനാശകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. വന്‍ശക്തികള്‍ ഓരോരുത്തരും ഇസ്രയേലിന്റെയും ഇറാന്റെയുമൊക്കെ പക്ഷം ചേര്‍ന്നത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലൂടെ കടന്നുപോകവെ ഇറാന് പരസ്യമായ പിന്തുണയാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ അത്യാധുനിക ആയുധങ്ങള്‍ പലതും ഇറാനില്‍ എത്തിക്കഴിഞ്ഞു. ഇത് കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത് അമേരിക്കയെയാണ്. ഇറാന് ആയുധം നല്‍കുന്നതില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അമേരിക്ക അങ്ങുമിങ്ങും തൊടാതെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത് റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് അമേരിക്ക തയാറാകുന്നില്ല എന്നതാണ്.

അമേരിക്ക പോലും ഭയന്നിരിക്കെ ലോകത്തിലെ ഏറ്റവും വലിയ ആയുധശേഖരമുള്ള രാജ്യമായ റഷ്യയ്ക്ക് നേരെ എന്ത് ധൈര്യത്തിലാണ് യുക്രെയ്ന്‍ യുദ്ധത്തിന് മുതിര്‍ന്നതെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. പണ്ട് സൗഹൃദത്തിലായിരുന്ന രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായ ചെറിയ അസ്വാരസ്യങ്ങളില്‍ അല്ല ഇപ്പോ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. 2022 മുതല്‍ ആരംഭിച്ച ഇരു രാജ്യങ്ങളുടെയും ശത്രുത വന്‍കരയും കടന്ന് ലോകശക്തികള്‍ തന്നെ ഇടപെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. പണ്ട് സോവിയറ്റ് യൂണിയനിലെ അംഗങ്ങളായിരുന്ന ഇരു രാജ്യങ്ങളും സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് പിന്നാലെ സ്വതന്ത്രരാവുകയായിരുന്നു.

എന്നാല്‍ സ്വതന്ത്രരായതിന് പിന്നാലെ യുക്രെയിന്‍ പതിയെ കമ്മ്യൂണിസ്റ്റ് ചേരിവിട്ട് സോഷ്യലിസ്റ്റ് വിരുദ്ധരായ നാറ്റോയോട് അടുപ്പം കാണിച്ച് തുടങ്ങി. എന്നാല്‍ യുക്രെയ്ന്‍ നാറ്റോയില്‍ അംഗത്വമെടുത്താല്‍ അത് ലോകരാജ്യങ്ങള്‍ക്ക് തന്നെ വന്‍ തലവേദനയാകും. അമേരിക്കയുടെയും ചൈനയുടെയും ആയുധ ശേഖരങ്ങള്‍ യുക്രെയ്ന്റെ കൈവശമെത്തുന്നതോടെ നില വഷളാകും. വലിയ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാനാണ് റഷ്യ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. പക്ഷേ, യുദ്ധത്തില്‍ അമേരിക്കയുടെ പിന്‍ബലത്തില്‍ യുക്രെയ്ന്‍ ഇനിയും പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നാല്‍ റഷ്യ പ്രകോപിതരാകുമെന്ന് മാത്രമല്ല വേണ്ടിവന്നാല്‍ മാരക പ്രഹരശേഷിയേറിയ ആയുധങ്ങള്‍ തന്നെ പുറത്തെടുക്കുമെന്നതില്‍ സംശയമില്ല.

അമേരിക്ക കൂടെയുണ്ടെന്ന ധൈര്യത്തിലാണ് യുക്രെയ്ന്‍ ഇറങ്ങിയതെങ്കില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള പോരായി അത് മാറുമെന്നത് ഉറപ്പാണ്. 2014 മുതല്‍ ആരംഭിച്ച് എങ്ങുമെത്താതെ നില്‍ക്കുന്ന റഷ്യന്‍  യുക്രെയ്ന്‍ സംഘര്‍ഷം വീണ്ടും വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ പിരിമുറുക്കം ശക്തമാണ്. അമേരിക്കയുടെ പിന്‍ബലമുണ്ടെങ്കിലും യുദ്ധം കലശലാകാത്ത യുക്രെയ്ന്റെയുള്ളില്‍ റഷ്യ സര്‍വനശീകരണകാരിയാകുമോ എന്ന ആശങ്കയുണ്ട്. ആ ഭയത്തിലേക്ക് വഴിയൊരുക്കിയിരിക്കുന്നത് റഷ്യയുടെ അതി മാരകമായ സാത്താന്‍-2 ആണ്. ലോകത്തിലെ തന്നെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലായ ആര്‍എസ്  28 സാര്‍മാട്ട് കൈവശമാക്കിയതോടെ റഷ്യയോട് ഏറ്റുമുട്ടലിനൊരുങ്ങുന്ന ഏതൊരു രാജ്യവും ഇനി രണ്ടാമതൊന്നുകൂടി ആലോചിക്കും. യുക്രെയ്ന്‍ മാത്രമല്ല സാത്താന്‍ 2 കൂടി യുദ്ധക്കളത്തില്‍ രംഗപ്രവേശം ചെയ്താല്‍ ലോകംതന്നെ ചിന്നിച്ചിതറാന്‍ തക്ക പ്രഹരമായിരിക്കും ഉണ്ടാകുക.

ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലേക്കും എത്താന്‍ കെല്‍പ്പുള്ള പ്രഹരശേഷിയും 10 മുതല്‍ 15 വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുമുള്ള ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ കഴിവുള്ള മിസൈലാണ് സാത്താന്‍- 2. നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള പുടിന്റെ മുന്നറിയിപ്പാണ് സാത്താന്‍ എന്നായിരുന്നു ലോകരാജ്യങ്ങള്‍ റഷ്യയുടെ ഈ നീക്കത്തെ പറ്റി വിശേഷിപ്പിച്ചിരുന്നത്. ആയുധശേഖരങ്ങളുടെ കൂട്ടത്തിലെ വമ്പനായി കൂട്ടിച്ചേര്‍ത്ത സാത്താനെ റഷ്യ പ്രയോഗിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം മുഴുവന്‍ അനുഭവിക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.

russia

അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചത് പതിറ്റാണ്ടുകളോളം ആ രാജ്യത്തിന്റെ ജീവിതഗതിയെ മാറ്റിയത് പോലെയായിരിക്കില്ല, സാത്താന്റെ കൈ പതിഞ്ഞാല്‍ യുക്രെയ്നും യുക്രെയിനെ സഹായിക്കാനെത്തിയ അമേരിക്കയ്ക്കും അടിത്തറ പോലുമുണ്ടാകില്ല. ലോക സൈനികശക്തിയെന്ന് അടിയുറച്ച് വിശ്വസിക്കുന്ന അമേരിക്കയുടെ സൈനികബലമൊന്നും സാത്താന് മുന്നില്‍ വിലപ്പോകില്ല. ആണവായുധങ്ങള്‍ വരെ വഹിക്കാനാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ റഷ്യ വിന്യസിക്കുന്നത് തന്നെ ആദ്യമായിട്ടാണ്.

റഷ്യയുടെ പക്കലുള്ള ഏറ്റവും പ്രഹരശേഷിയുള്ള മാരക മിസൈലായ സാത്താനെ 2018 ലാണ് റഷ്യ അവതരിപ്പിക്കുന്നത്. ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് സാത്താന്‍ 2 എന്നായിരുന്നു മിസൈല്‍ അവതരിപ്പിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്. പത്തോ അതില്‍ കൂടുതലോ പോര്‍മുനകള്‍ ഓരോ മിസൈലിലും ഉള്‍പ്പെടുത്താനാകും. ഭൂമിയിലെ ഏത് ലക്ഷ്യത്തേയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിതെന്നും ആര്‍എസ് 28 സാര്‍മാട്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് പുടിന്‍ പറഞ്ഞത് ശരിക്കും അമേരിക്ക പോലുള്ള യുദ്ധക്കൊതിയന്‍മാര്‍ക്കുള്ള ഒരു ഭീഷണിയായിട്ട് തന്നെയാണ്.

200 ടണ്ണിലേറെ ഭാരമുള്ള സാത്താന്‍ 16,000 മൈല്‍ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ളതാണ്. ഭൂമിയിലെ ഏത് ലക്ഷ്യത്തേയും തകര്‍ക്കാന്‍ ശേഷിയുള്ള സാത്താന് ഭീഷണിമുഴക്കാന്‍ ഒരു സൈനികശക്തിക്കും സാധിക്കില്ല. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു മിസൈലിന്റെ വരവുകൂടിയായത് ലോകം ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയുടെ പിന്തുണയ്ക്കൊപ്പം സൈനിക ബലവും കൂടി ചേര്‍ത്ത് റഷ്യന്‍ സൈന്യത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രെയിന് സാധിക്കുന്നുണ്ടെങ്കിലും അത് എത്രനാള്‍ എന്നതില്‍ സംശയമാണ്. ഒരു ശക്തമായ മിസൈല്‍ ആക്രമണം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അമേരിക്ക പോലും ഭയന്നോടാനുള്ള സാധ്യതയുണ്ട്.

റഷ്യയുടെ ആയുധ ശേഖരങ്ങളിലെ നട്ടെല്ലായ സാത്താന്‍ 2, വലിയ രീതിയിലുള്ള നശീകരണ ശേഷിയും കരുത്തുമുള്ളതാണ്. നേരത്തെ നാറ്റോയില്‍ ചേരാന്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ റഷ്യന്‍ പ്രതിരോധ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്സി ഷുറവ്ലിയോവ് ആര്‍എസ് 28 സാര്‍മാട്ടിനെ ഉപയോഗിക്കുമെന്ന് കാണിച്ചായിരുന്നു ഭീഷണി ഉയര്‍ത്തിയത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യയെ പിടിമുറുക്കാന്‍ പദ്ധതിയിടുന്ന സന്ദര്‍ഭത്തിലായിരുന്നു ഉപരോധ നടപടിയെന്നോണം റഷ്യ മിസൈല്‍ ഭീമനെ ലോകത്തിന് മുന്നിലെത്തിച്ചത്. ഉപഗ്രഹ അധിഷ്ഠിത റഡാര്‍, ട്രാക്കിംഗ് സംവിധാനങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ് ഈ മിസൈല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പേര് പോലെ തന്നെ യുദ്ധക്കളത്തിലിറങ്ങിയാല്‍ സാത്താന്റെ പരിവേഷമായിരിക്കും ആര്‍എസ് 28 സാര്‍മാട്ടിന് മുന്നിലെത്തുന്ന ഇരയെ വേരോടെ പിഴുതെറിയാന്‍ കെല്‍പ്പുള്ള സാത്താന്റെ പ്രഹരശേഷി ലോകത്തിന് താങ്ങാന്‍ സാധിക്കുമോ എന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. അമേരിക്കയും യുക്രെയിനും മാത്രമല്ല ലോകത്തിന്റെ പല കോണുകളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കും. അതൊരുപക്ഷേ, കനത്ത നാശനഷ്ടങ്ങള്‍ തന്നെയായിരിക്കും സൃഷ്ടിക്കുക. റഷ്യയില്‍ പ്രത്യാക്രമണം നടത്താന്‍ തുനിയുന്ന ഏതൊരു ശത്രുവും രണ്ടാമതൊന്ന് ആലോചിക്കുന്നത് സ്വന്തം നിലനില്‍പ്പിന് നല്ലതായിരിക്കുമെന്ന് തന്നെ പറയാം.

russia missile russia ukraine war ballisticmissile