യുക്രെയ്‌നിനെതിരായ യുദ്ധത്തില്‍ പ്രയോഗിക്കുന്നതിനായുള്ള ലോങ് റേഞ്ച് ഡ്രോണുകള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി റഷ്യ ചൈനയില്‍ ആയുധ പരിപാടി ആരംഭിച്ചതായി യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആയുധ കമ്പനിയായ അല്‍മാസ്ആന്റ്റിയുടെ അനുബന്ധ സ്ഥാപനമായ ഐ.ഇ.എം.എസ് കുപോള്‍, പ്രാദേശിക വിദഗ്ധരുടെ സഹായത്തോടെ ചൈനയില്‍ ഗാര്‍പിയ3 (ജി3)എന്ന പുതിയ ഡ്രോണ്‍ മോഡല്‍ വികസിപ്പിക്കുകയും ടെസ്റ്റ് ചെയ്യുകയും ചെയ്തായാണ് റിപ്പോര്‍ട്ട്.
കുപോള്‍ ഈ വര്‍ഷാദ്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന് അതിന്റെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അയച്ചതായും ചൈനയിലെ ഒരു ഫാക്ടറിയില്‍ ജി3 ഉള്‍പ്പടെയുള്ള ഡ്രോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് അറിയിച്ചതായും പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കിലോഗ്രാം പേലോഡുമായി ജി3 ന് ഏകദേശം 2,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഡ്രോണുകളുടെയോ ആളില്ലാ വിമാനങ്ങളുടെ കയറ്റുമതിയില്‍ ചൈനക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി റോയിട്ടേഴ്‌സ് പുറത്തുവിട്ടു.
ഡ്രോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരഷാ കൗണ്‍സില്‍ പറഞ്ഞു. പ്രസ്തുത ഇടപാടുകളെക്കുറിച്ച് ചൈനീസ് സര്‍ക്കാരിന് അറിവുണ്ടെന്ന് സൂചിപ്പിക്കുന്നതൊന്നും വൈറ്റ് ഹൗസിന്റെ ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല. എന്നാല്‍, ഈ കമ്പനികള്‍ റഷ്യക്ക് അവരുടെ സൈന്യത്തിന്റെ ഉപയോഗത്തിനായി സഹായം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചൈനക്ക് ഉത്തരവാദിത്തമുണ്ടെന്ന് യു.എസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കാകുലമാണെന്നും സഖ്യകക്ഷികള്‍ കൂടിയാലോചിക്കുമെന്നും നാറ്റോ വക്താവ് പറഞ്ഞു. റഷ്യയുടെ യുദ്ധശ്രമങ്ങള്‍ക്ക് നയതന്ത്രപരവും ഭൗതികവുമായ പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫിസ് ചൈനയോട് ആവശ്യപ്പെട്ടു.