യുക്രെയ്‌ന് ആയുധങ്ങളുമായെത്തിയ കപ്പല്‍ തകര്‍ത്ത് റഷ്യ

ഒഡെസയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന യുഷ്‌നി തുറമുഖത്ത് നങ്കൂരമിട്ട കപ്പലാണ് റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആയുധങ്ങളും വെടിക്കോപ്പുകളും കപ്പലില്‍ നിന്നും ഇറക്കുന്നതിനിടെയാണ് റഷ്യ മിസൈല്‍ ആക്രമണം

author-image
Prana
New Update
iskander missile

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വന്‍ വെടിക്കോപ്പുകളുമായി ഒഡെസ മേഖലയില്‍ നങ്കൂരമിട്ടിരുന്ന യുക്രെനിയന്‍ കപ്പല്‍ റഷ്യന്‍ സൈന്യം തകര്‍ത്തു. ഇതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
ഒഡെസയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന യുഷ്‌നി തുറമുഖത്ത് നങ്കൂരമിട്ട കപ്പലാണ് റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആയുധങ്ങളും വെടിക്കോപ്പുകളും കപ്പലില്‍ നിന്നും ഇറക്കുന്നതിനിടെയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. വെടിമരുന്ന് പൊട്ടിത്തെറിക്കുന്ന ദൃശ്യം യുക്രെയിനെ മാത്രമല്ല അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഞെട്ടിച്ചു. യൂറോപ്പില്‍ നിന്നാണ് ആയുധങ്ങളും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്തതെന്നാണ് റഷ്യന്‍ സൈന്യം വ്യക്തമാക്കുന്നത്.
യുക്രെയിന്റെ സ്‌റ്റേജിംഗ് ഏരിയകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, എയര്‍ഫീല്‍ഡുകള്‍, പ്രതിരോധ വ്യാവസായിക സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കാന്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും 700 കിലോഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാനും ശേഷിയുള്ള മിസൈലുകളാണ് റഷ്യ ഉപയോഗിക്കുന്നത്. ഈ മിസൈലുകള്‍ക്ക്, സെക്കന്‍ഡില്‍ രണ്ട് കിലോമീറ്ററിലധികം ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാനും കഴിയും.
അമേരിക്കയും സഖ്യകക്ഷികളും നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുക്രെയിന്‍ സൈന്യം തുടക്കം മുതല്‍ റഷ്യയോട് ഏറ്റുമുട്ടുന്നത്. ആയുധങ്ങള്‍ നല്‍കുന്ന നടപടിക്കെതിരെ റഷ്യ നിരന്തരം മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊന്നും തന്നെ നാറ്റോ സഖ്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഈ ഘട്ടത്തിലാണ് റഷ്യയില്‍ പതിക്കുന്ന ഏത് ആയുധത്തിനും ഏത് രാജ്യങ്ങളുടെ അടയാളമുണ്ടായാലും ആ രാജ്യത്തെ ആക്രമിക്കുമെന്ന നിലപാട് റഷ്യ സ്വീകരിച്ചിരുന്നത്.
ഇതോടെ റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്തുന്നതിന് ചില നിയന്ത്രണങ്ങള്‍ യുക്രെയിനുമേല്‍ അമേരിക്ക ഉള്‍പ്പെടെ കൊണ്ടുവന്നിരുന്നു എങ്കിലും യുക്രെയിനുള്ള ആയുധ സപ്ലേ നിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് ആയുധങ്ങള്‍ കൊണ്ടുവരുന്ന കപ്പലുകളും വിമാനങ്ങളും ആക്രമിക്കാന്‍ റഷ്യന്‍ സൈന്യം തീരുമാനിച്ചിരുന്നത്. പാശ്ചാത്യ സൈനിക സഹായം എത്തിക്കുന്നതിനുള്ള നിര്‍ണായക പോയിന്റുകളായി പ്രവര്‍ത്തിക്കുന്ന യുക്രെയിന്റെ തീരപ്രദേശങ്ങളിലും, തുറമുഖങ്ങളിലും വ്യാപകമായാണ് റഷ്യ ഇപ്പോള്‍ ആക്രമണം നടത്തുന്നത്.
ഇതിന്റെ തുടര്‍ച്ചയായാണ് യുക്രെയിന്‍ കപ്പലിനെ തന്നെ കടലില്‍ മുക്കിക്കളഞ്ഞിരിക്കുന്നത്. ഇനി യുക്രെയിനുള്ള ആയുധവുമായി അമേരിക്കയുടെ എന്നല്ല ഏത് രാജ്യത്തിലെ കപ്പല്‍ വന്നാലും അന്നും ആക്രമിക്കും എന്നതാണ് റഷ്യന്‍ തീരുമാനം. നിക്കോളേവ് മേഖലയില്‍ ആയുധങ്ങള്‍ നിറച്ചുവന്ന ഒരു ട്രെയിനും റഷ്യന്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. 

 

Attack ship russia ukraine war arms