ലണ്ടൻ: ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കൺസർവേറ്റിവ് പാർട്ടി അധികാരത്തിൽ തുടരുകയാണെങ്കിൽ 18 വയസ്സ് തികഞ്ഞവർക്ക് രാജ്യത്ത് ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. പദ്ധതി പ്രകാരം യുവാക്കൾ ഒരുവർഷം സായുധ സേനയിൽ സേവനമനുഷ്ടിക്കുകയോ മാസത്തിൽ ഒരു വാരാന്ത്യത്തിൽ സന്നദ്ധസേവനം നടത്തുകയോ വേണം.
പൊലീസ്, ആരോഗ്യ സേവനം തുടങ്ങിയവയിലാണ് സന്നദ്ധ സേവനം നടത്തേണ്ടത്. പദ്ധതിക്ക് പ്രതിവർഷം 300 കോടി ഡോളറിലധികം രൂപ ചെലവുവരും. 1947 -60 കാലഘട്ടത്തിൽ യു.കെയിൽ യുവാക്കൾക്ക് ഒന്നര വർഷം നിർബന്ധിത സൈനിക സേവനം ഉണ്ടായിരുന്നു. ദേശീയ ഐക്യം വർധിപ്പിക്കാൻ പദ്ധതി ഉപകരിക്കുമെന്ന് സുനക് പറഞ്ഞു. കൺസർവേറ്റിവുകൾ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും സൈനികരുടെ എണ്ണം വെട്ടിക്കുറച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.