യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രിംകോടതി. ഇതാദ്യമാണ് ട്രംപിന് മുന്‍ പ്രസിഡന്റെന്ന നിലയില്‍ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് കോടതി വ്യക്തമാക്കുന്നത്.
പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ മാത്രമാണു നിയമപരിരക്ഷ. വ്യക്തിപരമായ പ്രവൃത്തികളില്‍ ബാധകമല്ല. 2020 ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റാരോപണത്തില്‍ തനിക്ക് പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട ട്രംപിനെതിരെയുണ്ടായ കീഴ്ക്കോടതി വിധി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്.കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നത് അടക്കമുള്ള കേസുകളില്‍ ട്രംപിന് വലിയ ആശ്വാസമാകും സുപ്രിംകോടതിയുടെ ഇടപെടല്‍. കാപിറ്റോള്‍ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ക്കാണ് ട്രംപ് വിചാരണ നേരിടേണ്ടി വരുന്നത്. പ്രസിഡന്റായ സമയത്ത് ട്രംപ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരിരക്ഷ ഉണ്ടെന്ന് കോടതി പറഞ്ഞതോടെ ട്രംപിന് അത് തെരത്തെടുപ്പ് വേളയിലെ വലിയ നേട്ടമായി.