ഹെല്ലനിസ്റ്റിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുട്ടിയുടേതെന്ന് കരുതപ്പെടുന്ന 2,300 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ മോതിരം ജറുസലേമിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചുവന്ന രത്നം പതിപ്പിച്ച മോതിരം കോട്ടങ്ങളൊന്നും സംഭവിക്കാതെ പുതിയത് പോലെയാണ് ഇരിക്കുന്നതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐഎഎ) പറഞ്ഞു.പുരാവസ്തു ഗവേഷകയായ തെഹിയ ഗംഗേറ്റ് ഡേവിഡ് ആണ് മോതിരം കണ്ടെത്തിയത്. മോതിരത്തിന്റെ വലിപ്പം കുറവായതിനാല്‍ തന്നെ കുട്ടിയുടേതായിരിക്കുമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ബിസി 300-നടുത്ത് പഴക്കമുള്ള മോതിരം ലോഹ വളയത്തിനു മുകളില്‍ കനം കുറഞ്ഞ സ്വര്‍ണ്ണ ഇലകള്‍ വച്ചാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ബിസി നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലുളളവര്‍ അലങ്കാരപ്പണികള്‍ നടത്തിയ സ്വര്‍ണ്ണത്തേക്കാള്‍ ഇഷ്ടപ്പെട്ടിരുന്നത് കല്ലുകള്‍ പതിപ്പിച്ച സ്വര്‍ണ്ണത്തോടായിരുന്നുവെന്ന് ഐഎഎയുടെ പ്രസ്താവനയില്‍ പറയുന്നു.