വാഷിങ്ടൺ: റഫയിലെ ഇസ്രായേൽ ആക്രമണം അതിർവരമ്പുകൾ ലംഘിക്കുന്നതല്ലെന്ന് യു.എസ്. റഫയിൽ ഇസ്രായേൽ പൂർണ്ണമായ രീതിയിൽ അധിനിവേശം തുടങ്ങിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.
റഫയിലെ തമ്പുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലും യു.എസ് പ്രതികരണം നടത്തി.തമ്പുകളിലെ ആക്രമണം ഹൃദയഭേദകവും ഭയാനാകവുമാണ്. ഈ സംഘർഷത്തിന്റെ ഭാഗമായി നിരപരാധിയായ ഒരാളുടെ പോലും ജീവൻ പൊലിയരുതെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. സംഭവത്തിൽ ഇസ്രായേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആക്രമണം കൊണ്ട് യു.എസിന് നയംമാറ്റമുണ്ടാവില്ലെന്നും വൈറ്റഹൗസ് വക്താവ് അറിയിച്ചു.
വലിയ സൈന്യവും ആയുധങ്ങളുമായി ഇസ്രായേൽ റഫയിലെത്തിയിട്ടില്ല. വലിയ രീതിയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയിട്ടില്ലെന്നും യു.എസ് വക്താവ് പറഞ്ഞു. നേരത്തെ റഫയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങുകയാണെങ്കിൽ ആയുധങ്ങൾ നൽകുന്നതിൽ പുനഃപരിശോധനയുണ്ടാവുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ഫലസ്തീൻ അഭയാർഥികളുടെ തമ്പുകൾക്കുമേൽ ബോംബിട്ട് 45 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ സേനക്കെതിരെ ലോകമാകെ രോഷം പുകയുമ്പോഴും റഫയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയാണ് സൈനിക ടാങ്കുകൾ. മധ്യ റഫയിലെ അൽ അവ്ദ മസ്ജിദിന് സമീപം ടാങ്കുകൾ തീതുപ്പിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രായേൽ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.