അമേരിക്കയെ വീഴ്ത്താന്‍ പുടിനും കിമ്മും കൈകൊടുത്തു

റഷ്യയും ഉത്തര കൊറിയയും കൂടുതല്‍ അടുക്കുന്നു. ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തയാണിത്. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്ക്.

author-image
Rajesh T L
New Update
NR

റഷ്യയും ഉത്തര കൊറിയയും കൂടുതല്‍ അടുക്കുന്നു. ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തയാണിത്. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്ക്. റഷ്യന്‍ യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കിലേക്ക് നീങ്ങിയെന്ന വാര്‍ത്തയും അതിനിടെ പുറത്തുവന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അപകടകരവും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നാണ് അദ്ദഹം അഭിപ്രായപ്പെട്ടത്. ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണില്‍ വച്ചായിരുന്നു ഓസ്റ്റിന്റെ പ്രതികരണം.

യുക്രെയിനെതിരെ പോരാടാന്‍ സൈന്യത്തെ വിട്ടുനല്‍കുന്നതിന് പകരമായി ഉത്തര കൊറിയ റഷ്യയില്‍ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ ഉയര്‍ത്തിയിരിക്കുന്ന വാദം. അത്തരത്തിലുള്ള ഏതൊരു നീക്കവും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയിനെതിരെ പോരാടാന്‍ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യ, കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ പ്രതിരോധ കരാര്‍ അമേരിക്കന്‍ ചേരിയുടെ ഉറക്കമാണിപ്പോള്‍ കെടുത്തിയിരിക്കുന്നത്. റഷ്യയ്ക്കും ഉത്തര കൊറിയക്കും എന്ത് സുരക്ഷാ ഭീഷണി ഉണ്ടായാലും ലഭ്യമായ എല്ലാ സൈനിക സഹായവും പരസ്പരം നല്‍കണമെന്നതാണ് നിലവിലെ കരാര്‍.

1990-ല്‍ സോവിയറ്റ് യൂണിയന്‍ ദക്ഷിണ കൊറിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചപ്പോള്‍ റദ്ദാക്കിയിരുന്ന 1961-ലെ പ്രതിരോധ കരാറിന്റെ പുനരുജ്ജീവനമാണ് ഈ കരാര്‍. നിലവില്‍ ദക്ഷിണ കൊറിയ അമേരിക്കന്‍ പക്ഷത്തും, ഉത്തരകൊറിയ റഷ്യന്‍ ചേരിയിലുമാണ് തുടരുന്നത്. ഉത്തരകൊറിയയില്‍ നിന്നും ഭീഷണി നേരിടുന്ന ജപ്പാനും, അമേരിക്കയുടെ സഖ്യകക്ഷിയാണ്. ഇതിനെല്ലാം പുറമെ, അമേരിക്കയും ഉത്തര കൊറിയയുടെ കണ്ണിലെ കരടാണ്.

അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയയുടെ കൈവശമുള്ളത് അമേരിക്കയെ സംബന്ധിച്ച് വലിയ സുരക്ഷാഭീഷണിയാണ്. അങ്ങനെയുള്ള ഉത്തര കൊറിയയാണ് റഷ്യയുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇനി ഉത്തര കൊറിയ അങ്ങോട്ട് പോയി പ്രകോപനം സൃഷ്ടിച്ചാല്‍ പോലും റഷ്യയ്ക്ക് അവരെ സൈനികമായി സഹായിക്കേണ്ടി വരും. ഉത്തരകൊറിയയെ കൂടുതല്‍ കരുത്തരാക്കുന്നതും കരാറിലെ ഈ വ്യവസ്ഥകള്‍ തന്നെയാണ്.

പുതിയ സൈനിക കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്തര കൊറിയന്‍ സൈന്യം ഇപ്പോള്‍ റഷ്യയില്‍ എത്തിയിരിക്കുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയിനുമായുള്ള യുദ്ധത്തില്‍ പങ്കെടുക്കുക വഴി അത് ഉത്തര കൊറിയന്‍ സൈനികരെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് പ്രസിഡന്റ് കിം ജോങ് ഉന്‍ കരുതുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക ആയുധ നേട്ടങ്ങളും ഇതുവഴി ഉത്തരകൊറിയക്ക് ലഭിക്കും. ഉത്തര കൊറിയക്ക് പുറത്ത് മറ്റൊരു ലോകവും കാണാത്ത സൈനികര്‍ വലിയ ആവേശത്തോടെയാണ് റഷ്യയില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യ  ഉത്തരകൊറിയ ബന്ധം പുതിയ തലത്തില്‍ എത്തിയത് ആണവായുധങ്ങളില്‍ ഉള്‍പ്പെടെ റഷ്യന്‍ സഹായം കൂടുതലായി ഉത്തരകൊറിയക്ക് ലഭിക്കാന്‍ കാരണമാകുമെന്നാണ് ദക്ഷിണ കൊറിയയും ജപ്പാനും വിലയിരുത്തുന്നത്. കിം ജോങ് ഉന്നിന്റെ സൈന്യം ആക്രമിക്കുമെന്ന ഈ ഭയമാണ് അമേരിക്കയിലേക്ക് പറക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രിയെയും ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്. യുക്രെയിന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിമ്മിന്റെ സേന യുക്രെയിനിലേക്ക് കയറുന്നത് ഏത് വിധേനയും തടയണമെന്നും, നാറ്റോയുടെ സൈനികരെ ഇതിനായി അയക്കണമെന്നുമാണ് യുക്രെയിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമേരിക്കയില്‍ അടിയന്തരയോഗവും നടന്ന് കഴിഞ്ഞിട്ടുണ്ട്.

രണ്ട് ഉത്തര കൊറിയന്‍ സേനാ യൂണിറ്റുകളിലായി 11,000 സൈനികര്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയാണ് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ഇതിനോട് പ്രതികരിച്ച ലോയ്ഡ് ഓസ്റ്റിന്‍, എന്താണ് അവിടെ സംഭവിക്കുകയെന്ന് അമേരിക്ക നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര കൊറിയയും റഷ്യയും യുദ്ധപങ്കാളികളായാലും റഷ്യയ്ക്കൊപ്പം പോരാടാന്‍ ഉത്തരകൊറിയ തീരുമാനിച്ചാലും അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്നതാണ് അവരിപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയ്ക്കെതിര യുദ്ധം ചെയ്യാന്‍ അമേരിക്ക സൈനികരെ അയച്ചാല്‍ അത് മൂന്നാംലോക മഹായുദ്ധമായി മാറുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്.

റഷ്യ ആണവ മിസൈല്‍ പരീക്ഷണം നടത്തിയതും ദക്ഷിണ കൊറിയക്കെതിരായ ഉത്തര കൊറിയയുടെ ഭീഷണിയും, ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതും, തായ് വാന്‍ വിഷയത്തില്‍ ചൈന കടുത്ത നിലപാടിലേക്ക് പോകുന്നതുമെല്ലാം റഷ്യന്‍ ചേരിയുടെ തന്ത്രപരമായ നീക്കമായാണ് അമേരിക്ക വിലയിരുത്തുന്നത്.

ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം അമേരിക്കയുടെ ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനമാണെന്നാണ് മിക്ക ലോക രാജ്യങ്ങളും വിലയിരുത്തുന്നത്. റഷ്യയുടെ അയല്‍ രാജ്യമായ യുക്രെയിന്‍ നാറ്റോയില്‍ അംഗമായാല്‍ റഷ്യന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ ആയുധങ്ങളാണ് വിന്യസിക്കപ്പെടുകയെന്നതിനാല്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഈ നീക്കത്തെ ചെറുക്കാന്‍ റഷ്യയ്ക്ക് അവകാശമുണ്ടെന്ന് തന്നെയാണ് അമേരിക്കന്‍ ചേരിയിലുള്ള രാജ്യങ്ങള്‍ പോലും കരുതുന്നത്.

russia russian president vladimir puti kimjongun russia ukrain conflict