പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇസ്രയേലോ- ഇറാനോ ആര് ഇനി ആണവായുധം പ്രയോഗിക്കും എന്നതേ അറിയാനുള്ളു. അതിനിടെയാണ് യുക്രെയ്‌നുള്ള അമേരിക്കന്‍ സഹായം തുടര്‍ന്നാല്‍ ജന്മനാട് സംരക്ഷിക്കാന്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ രംഗത്തുവന്നിരക്കുന്നത്. പിന്നാലെ റഷ്യന്‍ സൈന്യം ആണവായുധങ്ങളുടെ പരീക്ഷണത്തിന് തുടക്കമിട്ടത് ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
യുക്രൈന്‍ യുദ്ധം നിര്‍ണായകവും കഠിനവുമായ ഘട്ടത്തിലെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ആണവായുധ പരീക്ഷണങ്ങള്‍ക്ക് പുടിന്‍ അനുമതി നല്‍കിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ആണവ പരീക്ഷണം പുട്ടിന്റെ അനുമതിയോടെ റഷ്യ നടത്തുന്നത്. അതേസമയം, റഷ്യന്‍ നീക്കത്തെ എങ്ങനെ സമീപിക്കണമെന്ന ആശങ്കയിലും അമ്പരപ്പിലുമാണ് നാറ്റോ സഖ്യം.
ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈയ്‌ന് നല്‍കാന്‍ അമേരിക്ക തീരുമാനമെടുത്തതിന് പിന്നാലെയാണ് ആണവ പോര്‍മുന റഷ്യ സജീവമാക്കിയത്. യുക്രൈയിന് അമേരിക്ക ദീര്‍ഘദൂര മിസൈലുകള്‍ നല്‍കാനാണ് ഉദ്ദേശമെങ്കില്‍ ആണവായുധ പ്രയോഗം ആലോചിക്കേണ്ടി വരുമെന്നാണ് റഷ്യന്‍ ഭീഷണി.
ആണവശക്തിയല്ലാത്ത യുക്രൈയ്‌ന് നേരെ ആണവായുധം പ്രയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ മടിക്കില്ലെന്ന റഷ്യയുടെ വാക്കുകളെ അതീവ ഗൗരവത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ എങ്ങനെ ഫലപ്രദമായി ആണവായുധം ഉപയോഗിക്കാന്‍ പ്രയോജനപ്പെടുത്താമെന്നത് റഷ്യ പരീക്ഷിക്കുകയാണെന്നായിരുന്നു പുടിന്റെ പ്രതികരണം.
അവസാന നടപടിയെന്ന നിലയില്‍ മാത്രമേ ആണവായുധം പ്രയോഗിക്കുകയുള്ളൂവെന്നും എന്നാല്‍ അത് സദാ സജ്ജമായിരിക്കുമെന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ആയുധപ്പോരില്‍ പങ്കുചേരാന്‍ റഷ്യയ്ക്ക് താല്‍പര്യമില്ലെന്നും പക്ഷേ ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ ,റഷ്യന്‍ ആണവായുധങ്ങള്‍ സജ്ജമാണെന്നും പുട്ടിന്‍ പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കുചേരുന്നതിനായി ഉത്തര കൊറിയ സൈനികരെ അയച്ചുവെന്ന വാര്‍ത്തകളെ നാറ്റോ സഖ്യം അപലപിച്ചിരുന്നു. പതിനായിരത്തോളം സൈനികരെ റഷ്യയ്ക്കായി ഉത്തരകൊറിയ നല്‍കിയെന്ന് യുഎസ് ആരോപിക്കുമ്പോള്‍ പന്ത്രണ്ടായിരത്തിലേറെ ഉത്തര കൊറിയന്‍ സൈനികര്‍ യുക്രെയിനെതിരെ പോരാടാന്‍ എത്തിയിയെന്നായിരുന്നു സെലന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍. ഇവരില്‍ ഒരു വിഭാഗം യുക്രെയ്‌ന് അടുത്തെത്തിയിട്ടുണ്ടെന്നും പെന്റഗണ്‍ ആരോപിച്ചിരുന്നു. എന്നാല്‍ യുക്രെയ്‌നെ പ്രതിരോധിക്കാന്‍ റഷ്യന്‍ സൈന്യം തന്നെ ധാരാളമാണെന്നായിരുന്നു പുടിന്റെ മറുപടി.
ലോകത്തെ ഏറ്റവും വലിയ ആണവ ശക്തിയാണ് റഷ്യ. യുഎസിന്റെയും റഷ്യയുടെയും പക്കലാണ് ലോകത്തെ 88 ശതമാനം ആണവായുധങ്ങളുമുള്ളത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കടന്നുകയറ്റം നടത്തുകയാണെന്നാണ് പുടിന്റെ ആരോപണം. എന്നാല്‍ പുട്ടിന്റേത് അഴിമതിയില്‍ കുളിച്ച ഏകാധിപത്യ സര്‍ക്കാരാണെന്ന വാദമാണ് അമേരിക്കയ്ക്കുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉരസല്‍ മൂന്നാം ലോകയുദ്ധത്തിലേക്ക് തന്നെ വഴിമാറിയേക്കാമെന്ന ആശങ്കയാണ് ലോകത്തിനുള്ളത്. ആണവയുദ്ധത്തിനുള്ള സാധ്യത ട്രംപും തള്ളുന്നില്ല. യുക്രെയ്‌ന് കൂടുതല്‍ സഹായം അമേരിക്ക നല്‍കിയാല്‍ കിമ്മിന്റെ ഉത്തര കൊറിയ റഷ്യയുടെ സഹായത്തിനെത്തുമെന്നും ഇത് മൂന്നാം ലോക യുദ്ധത്തിന് കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തി മുന്നോട്ട് പോകുന്ന അമേരിക്കയുടെ അഹങ്കാരം അവസാനിപ്പിക്കാന്‍ തന്നെയാണ് റഷ്യയുടെ ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധമുള്ള റഷ്യയുടെ പുതിയ നീക്കം അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇതോടെ ഇനി അമേരിക്കയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് മുന്നിലുള്ളത്.
യുക്രെയ്നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ ഏറെക്കുറെ നിശബ്ദതപാലിച്ചുവരികയാണെങ്കിലും റഷ്യയെ പ്രകോപിപ്പിക്കാന്‍ യുക്രെയ്ന്‍ മനപൂര്‍വ്വം ശ്രമിച്ചു വരികയാണ്. റഷ്യയുടെ നാല് പ്രദേശങ്ങളില്‍ 10 യുക്രേനിയന്‍ ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ എത്തിയെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി ഇന്ധന-ഊര്‍ജ സംഭരണശാലകള്‍ നിലകൊള്ളുന്ന മധ്യ റഷ്യന്‍ പ്രദേശമായ ബാഷ്‌കോര്‍ട്ടോസ്താനെ യുക്രെയ്ന്‍ ലക്ഷ്യം വെച്ചിട്ടുള്ളതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റഷ്യ-യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷത്തില്‍ നേരിട്ട് കൈകടത്താതെ അമേരിക്കയും സഖ്യകക്ഷികളും അവരുടെ ചേരിയിലെ രാജ്യമായ യുക്രെയ്നെ സംരക്ഷിക്കാനും എതിര്‍ ചേരിയിലെ രാജ്യമായ റഷ്യയെ പരാജയപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്,അല്ലെങ്കില്‍ ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്. ഒരു ഹൈബ്രിഡ് ഏറ്റുമുട്ടല്‍, അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു പുതുമയുള്ള കാര്യമല്ല. മിഡില്‍ ഈസ്റ്റില്‍ ഇറാനെതിരെ അമേരിക്ക പ്രയോഗിക്കുന്നതും അത് തന്നെയാണ്. സമാനമായി,ചൈനയെ എതിര്‍ക്കാനും തായിവാനെ സംരക്ഷിക്കാനും മേഖലയിലെ മറ്റ് സഖ്യകക്ഷികളായ ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ,ജപ്പാന്‍ എന്നീ രാജ്യങ്ങളെയും അമേരിക്ക ഉപയോഗപ്പെടുത്തുന്നു.
തായിവാന്റെ സംരക്ഷണത്തിനായി അമേരിക്കയ്ക്ക് ആയുധങ്ങളും സൈനികരെയും നല്‍കേണ്ടതായുണ്ട്. ഇത് അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്ക് മേല്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദവും വെല്ലുവിളികളും വളരെ വലുതാണ്. റഷ്യയ്ക്ക് എതിരെയുള്ള യുക്രെയ്ന്‍ യുദ്ധത്തിനായി അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പിലെ സഖ്യകക്ഷികളും അണിനിരക്കുകയും, ആയുധങ്ങള്‍ നല്‍കുകയും സൈനിക സന്നാഹങ്ങളെ എത്തിക്കുകയും ചെയ്യുന്നു.എന്നാല്‍, യഥാര്‍ത്ഥത്തില്‍ യുക്രെയ്‌നെ അമേരിക്ക സഹായിക്കുകയല്ല, മറിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള ഒരു ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. അത് മനസിലാക്കാന്‍ യുക്രെയ്‌ന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിമര്‍ശനം.