ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളെ വിറപ്പിച്ചു.നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയായ NERV വ്യകതമാക്കുന്നു . ഭൂചലനത്തിന് ശേഷം ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.
ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്കെയുടെ കണക്കനുസരിച്ച്, മിയാസാക്കിക്ക് പുറമെ, കൊച്ചി, എഹിം, കഗോഷിമ, ഒയിറ്റ പ്രിഫെക്ചറുകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, കഗോഷിമ പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന സെൻഡായി ആണവ നിലയത്തിൽ ഒരു പ്രശ്നവുമില്ലെന്ന് ക്യൂഷു ഇലക്ട്രിക് പവർ കമ്പനി പ്രസ്താവനയിറക്കി.
കൂടാതെ എഹിം പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന ഇക്കാറ്റ ആണവ നിലയം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഷിക്കോകു ഇലക്ട്രിക് പവർ കമ്പനിയും പറഞ്ഞു. ചുറ്റുമുള്ള പ്രദേശത്തെ റേഡിയേഷൻ അളവിൽ മാറ്റമൊന്നുമില്ല, ഷിക്കോകു ഇലക്ട്രിക് പവർ കമ്പനിയെ ഉദ്ധരിച്ച് എൻഎച്ച്കെ റിപ്പോർട്ട് പറഞ്ഞു.