ഹവാന: വെെദ്യുതി മുടക്കം പതിവായതോടെ വലഞ്ഞ് ക്യൂബയിലെ ജനങ്ങൾ. രണ്ട് ദിവസമായി രാജ്യം ഇരുട്ടിലാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഊർജോത്പാദന കേന്ദ്രമായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റ് വെള്ളിയാഴ്ച സാങ്കേതിക തകരാറിലായതോടെയാണ് ക്യൂബ ഇരുട്ടിലായത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആദ്യം വൈദ്യുതിനിലച്ചത്. വൈദ്യുതി മുടങ്ങിയേക്കുമെന്ന സൂചനയെത്തുടർന്ന് അവശ്യജീവനക്കാരൊഴികെയുള്ളവരോട് വീടുകളിലേക്കു മടങ്ങാനും സ്കൂളുകൾ അടയ്ക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. പ്രശ്നംപരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചതിനു പിന്നാലെ ശനിയാഴ്ച വീണ്ടും വൈദ്യുതി നിലച്ചു. നിലവിൽ രാജ്യത്ത് ചിലയിടങ്ങളിൽ ഭാഗികമായി വെെദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തലസ്ഥാനമായ ഹവാന ഉൾപ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇപ്പോഴും വൈദ്യുതി ലഭ്യമല്ല.
ഏകദേശം ഒരുകോടി ജനങ്ങളെ വെെദ്യുതി തടസ്സം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെെദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ പ്രാധാന്യം കുറഞ്ഞ പൊതു പരിപാടികൾ റദ്ദാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങൾ അടച്ചിടാനും നിശാ പാർട്ടികൾ ഒഴിവാക്കാനും നിർദേശമുണ്ട്.
തുടർച്ചയായി വൈദ്യുതിമുടക്കത്തിനു കാരണമെന്തെന്ന് ഗ്രിഡ് ഓപ്പറേറ്ററായ യു.എൻ.ഇ. വ്യക്തമാക്കിയിട്ടില്ല. ഏതാനും ആഴ്ചയായി ക്യൂബയിൽ പലഭാഗത്തും 10-20 മണിക്കൂർ വൈദ്യുതി നിലയ്ക്കുന്നുണ്ട്. പഴഞ്ചൻ സംവിധാനവും ഇന്ധനക്ഷാമവും വൈദ്യുതിയുടെ ആവശ്യക്കൂടുതലുമാണ് പ്രശ്നത്തിനുകാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ വർഷം വെനസ്വേലയിൽ നിന്നുള്ള ഇന്ധന കയറ്റുമതിയിൽ ഇടിവ് സംഭവിച്ചതും ക്യൂബയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രാജ്യത്തെ നിലവിലെ സാഹചര്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡിയാസ്-കാനൽ പറഞ്ഞു. രാജ്യത്ത് വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ദശാബ്ദങ്ങൾ നീണ്ട യുഎസ് ഉപരോധമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും പ്രസിഡൻ്റ് ആരോപിച്ചു. രാജ്യത്തെ വെെദ്യുതി തടസത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ചുകൊണ്ട് ജനങ്ങൾ എത്തുന്നുണ്ട്.