ഹമാസ് തലവൻ യഹിയ സിൻവാറി​ന്റെ മരണം തലയ്ക്ക് വെടിയേറ്റ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ഇവർ ഇവിടെ നടത്തിയ പരിശോധനയിലാണ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യഹിയയുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാൻ മൃതദേഹത്തിൽനിന്ന് വിരലുകൾ മുറിച്ചെടുത്തു.

author-image
anumol ps
New Update
sinvar

 

ജറുസലേം:  ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറി​ന്റെ മരണം തലയ്ക്ക് വെടിയേറ്റത് മൂലമെന്ന് റിപ്പോർട്ട്. യഹിയ സിൻവാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ.ചെൻ കുഗേനാണ് ഇക്കാര്യം പുറത്തുവിട്ടത്. ടാങ്ക് ഷെല്ലിൽനിന്ന് ഉൾപ്പെടെ യഹിയയ്ക്ക് മറ്റ് പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും എന്നാൽ തലയിലേറ്റ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.തെക്കൻ ഗാസയിൽ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് യഹിയ സിൻവാർ കൊല്ലപ്പെട്ടത്. പലസ്തീൻ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായിരുന്നു സിൻവാർ.

ഇസ്രയേൽ സൈന്യം റെയ്ഡ് നടത്തുന്നതിന് മുമ്പ് ഒളിത്താവളത്തിന് നേരെ വെടിവെയ്പ്പ് നടത്തിയിരുന്നു. ഇസ്രയേൽ ഗ്രൗണ്ട് ഫോഴ്‌സിന്റെ (ഐ.ഡി.എഫ്) 828 ബ്രിഗേഡ് റാഫയിലെ ടെൽ അൽ-സുൽത്താൻ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവർ ഇവിടെ നടത്തിയ പരിശോധനയിലാണ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യഹിയയുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാൻ മൃതദേഹത്തിൽനിന്ന് വിരലുകൾ മുറിച്ചെടുത്തു.

തടവുകാരുമായുള്ള കൈമാറ്റ ഇടപാടിൽ 2011-ൽ മോചിതനാകുന്നതുവരെ രണ്ട് പതിറ്റാണ്ടോളം സിൻവാർ ഇസ്രയേൽ ജയിലായിരുന്നു. ഈ സമയത്ത് ശേഖരിച്ച ഡി.എൻ.എ സാംപിളുമായി ഒത്തുനോക്കിയാണ് മൃതദേഹം സിൻവാറിന്റേത് തന്നെയാണെന്ന് ഉറപ്പാക്കിയത്. ഇസ്രയേൽ സൈന്യം ആദ്യം ദന്തപരിശോധനയിലൂടെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അതിലൂടെ ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നും ചീഫ് പാത്തോളജിസ്റ്റ് അറിയിച്ചു.

അതേസമയം, യഹിയയുടെ കൊലപാതകത്തിന് മറുപടി നൽകുമെന്ന് ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെന്നാണ് ഹമാസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ സൂചിപ്പിക്കുന്നത്. പുതിയ തലവൻ ആരായിരിക്കണമെന്ന കാര്യത്തിൽ ഹമാസ് തീരുമാനം എടുത്തിട്ടില്ല. യഹിയയുടെ സഹോദരനായ മുഹമ്മദ് സിൻവാറിനാണ് കൂടുതൽ സാധ്യതയുള്ളത്. 

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹിയ സിൻവാർ. 1200-ലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിൽ ഇസ്രയേൽ തിരിച്ചടിച്ചതോടെ ഗാസയിൽ 40,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. യഹിയയുടെ കൊലപാതകത്തോടെ ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരുടെ ജീവനും അപകടത്തിലാണ്. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്യുന്നത് വരെ ബന്ദികളാക്കിയവരെ തിരിച്ചയിക്കില്ലെന്ന് സിൻവാറിന്റെ ഡെപ്യൂട്ടി ഖലീൽ അൽ-ഹയ്യ അറിയിച്ചിട്ടുണ്ട്.

postmortum report yahiya sinwar