ന്യൂയോർക്ക്: പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യ സംഘർഷം അതി രൂക്ഷമാകുന്നതിനിടെ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടിക്കിടെ ലോട്ടെ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച പ്രധാനമന്ത്രി, തുടർന്നും പാലസ്തീൻ ജനതയ്‌ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹമാദ്ധ്യമം വഴിയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചത്.
ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അനുസ്മരിച്ചു. ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ശക്തമായി പ്രധാനമന്ത്രി അപലപിച്ചിരുന്നു. അതേസമയം തന്നെ ഗാസയിലെ മാനുഷിക പ്രതിസന്ധി ആശങ്ക ഉളവാക്കുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായമെന്ന നിലയിൽ യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്‌ക്ക് ഇന്ത്യ 2.5 മില്യൺ ഡോളറിന്റെ സഹായം ആദ്യ ഗഡുവായി കൈമാറിയിരുന്നു.
നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബ ഖാലിദ് അൽ മുബാറക് അൽ സബ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കുവൈറ്റും നേപ്പാളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ന്യൂയോർക്കിൽ ഇന്ന് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനാണ് വിവിധ ലോക നേതാക്കൾ ന്യൂയോർക്കിലെത്തിയത്.
ന്യൂയോർക്കിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നടന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. രാജ്യത്തെ വിവിധ സാങ്കേതിക വിദഗ്ധരുമായും കമ്പനി സിഇഒമാരുമായും അദ്ദേഹം ചർച്ചകൾ നടത്തി. ആതിഥേയത്വം വഹിച്ച വട്ടമേശയിൽ പ്രധാനമന്ത്രി മോദി യുഎസ്എയിലെ മുൻനിര സാങ്കേതിക നേതാക്കളുമായും സിഇഒമാരുമായും സംവദിച്ചു. വിവിധ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റവും പരസ്പര സഹകരണം വർദ്ധിപ്പിച്ചുകൊണ്ട് സംരംഭങ്ങൾ ആരംഭിക്കുന്നതുമെല്ലാം ചർച്ചയായെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.