കാഠ്മണ്ഡു: നേപ്പാൾ കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം തകർന്നു.പൈലറ്റ് ഒഴികെ വിമാനത്തിലുണ്ടായിരുന്ന 18 പേരും അപകടത്തിൽ മരിച്ചതായാണ് വിവരം.അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.അപകടത്തിൽ വിമാനം പൂർണമായി കത്തിനശിച്ചു.ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ പരിക്കേറ്റ പൈലറ്റ് കാഠ്മണ്ഡു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ടേക്ക് ഓഫിൻ്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെടുകയായിരുന്നു. ടേബിൾ ടോപ് എയർപോർട്ടാണ് ത്രിഭുവൻ. ഇവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്. റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പൊലീസിന്റെയും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. നേപ്പാളിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള പ്രധാന വിമാനത്താവളമായ ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ട് അപകടത്തിന് പിന്നാലെ അടച്ചു. കാഠ്മണ്ഡുവിൽ മൺസൂൺ മഴക്കാലമാണെങ്കിലും അപകടസമയത്ത് മഴ പെയ്തിരുന്നില്ല.അപകട കാരണം അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.