പാട്‌ന: ബിഹാറിലെ പാലങ്ങള്‍ പൊളിഞ്ഞു വീണ സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. പാലങ്ങള്‍ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍മാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ
കൂട്ട സസ്‌പെന്‍ഷന്‍ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിലെ 11 എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. 15 ദിവസത്തിനിടയില്‍ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ കൂട്ട സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം, സാരണിലെ സിവാന്‍ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത്. പാലങ്ങള്‍ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സര്‍ക്കാര്‍ നടപടി. പാലങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായതോടെ എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും നിതീഷ് നിര്‍ദേശം നല്‍കിയിരുന്നു.